ഏഴിന് ഉദ്ഘാടനത്തിനു തയാറായ പാണാവള്ളി- പെരുന്പളം പാലം.
പൂച്ചാക്കൽ: ദ്വീപ് ജനതയുടെ സ്വപ്നസാഫല്യമായി പെരുമ്പളം പാലം ഏഴിന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും. പാലം ഉദ്ഘാടനം ആഘോഷമാക്കുകയാണ് നാട്ടുകാർ. ഒരു നാടൊന്നിച്ചു കണ്ട, അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള സ്വപ്ന സാക്ഷാത്കാരമാണ് പാണാവള്ളി-പെരുമ്പളം പാലമെന്നത്. 12,000 ലധികമുള്ള ദ്വീപു നിവാസികൾക്ക് മറുകരയിലെത്താൻ വള്ളവും ബോട്ടുമല്ലാതെ മറ്റുമാർഗങ്ങളില്ലായിരുന്നു.
രാത്രി രോഗികളെയും ഗർഭണികളെയും ആശുപത്രിയിലെത്തിക്കാൻ വള്ളമല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നൊരു കാലവും മാറകയാണ്. വീശിയടിക്കുന്ന കാറ്റിൽ അക്കരെയെത്തുമോ എന്ന പേടിയുണ്ടെങ്കിലും വേരെ മാർഗമില്ലാത്തതിനാൽ രണ്ടും കൽപ്പിച്ച് വള്ളം തുഴയും. പൂർണ ഗർഭണികളായവരെ കായൽ കടന്ന് മറുകരയിലെത്തിച്ച കാര്യം ഓർക്കുമ്പോൾ പ്രസവവേദനയെക്കാൾ വലുതായിരുന്നു അതെന്ന് ദ്വീപ് നിവാസിയായ ശാന്തമ്മ പറയുന്നു.
പെരുമ്പളം ദ്വീപിലെ ജനങ്ങൾക്ക് പറയാനുള്ളത് ഇത്തരത്തിലുള്ള നിരവധി ദുരിതയാത്രകളെക്കുറിച്ചാണ്. ഇനി അത് മാറുകയാണ്. പെരുമ്പളം ദ്വീപിലേക്ക് സംസ്ഥാന സർക്കാർ 100 കോടി രൂപ ചെലവിട്ടാണ് വേമ്പനാട് കായലിന് കുറുകെ പാലം നിർമിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല.
34 തൂണുകൾ,
1157 മീറ്റര്‍ നീളം
കരയിലെ രണ്ടു തൂണുകളടക്കം 34 തൂണുകളിലാണ് പാലം പണിതിരിക്കുന്നത്. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിൽ രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതമുള്ള നടപ്പാതയുമുണ്ട്.
ദേശീയ ജലപാത കടന്നുപോകുന്ന ദിശയായതിനാൽ ബാർജ്, വലിയ യാനങ്ങൾ എന്നിവ തടസമില്ലാതെ കടന്നുപോകുന്നതിനായി നടുവിലായി ബോസ്ട്രിംഗ് ആര്‍ച്ച് മാതൃക വരുന്ന രീതിയിലാണ് പാലത്തിന്റെ രൂപകല്പന. വടുതല ഭാഗത്തും പെരുമ്പളം ഭാഗത്തും 300 മീറ്റര്‍ നീളത്തിലാണ് അപ്രോച്ച് റോഡുകളുടെ നിർമാണം.
പെരുമ്പളത്ത്
ഇനിമുതൽ
ആഘോഷരാവുകൾ
ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരമായി പെരുമ്പളം പാലം ഏഴിന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുമ്പോൾ ഏഴു ദിവസത്തെ പരിപാടികളോടെയാണ് ദ്വീപ് നിവാസികൾ അത് ആഘോഷിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച കലാപരിപാടികളായ നാടൻ പാട്ടും മെഗാഷോയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. ഷേർളി ഉദ്ഘാടനം ചെയ്തു. ഇന്നു വൈകിട്ട് നാലിന് ഹെൽത്ത് കാർണിവൽ.
നാളെ വൈകിട്ട് ആറിന് പാലം ഗ്രൗണ്ടിൽ ദലീമ ജോജോ എംഎൽഎ സന്തോദീപം തെളിക്കും. ആറിന് വൈകിട്ട് അഞ്ചിന് പാലം ഗ്രൗണ്ടിൽ ഏകവീര കളരിപ്പയറ്റ് സംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനം, ഏഴിന് ഏലൂർ ബിജുവിന്റെ നേതൃത്വത്തിൽ 101 കലാകാരന്മാർ അണിനിരക്കുന്ന സോപാനസംഗീതം.
രാത്രി ഒന്‍പതിന് അലോഷി പാടുന്നു. ഏഴിന് രാവിലെ 6.30ന് ലഹരിവിരുദ്ധ ഗ്രാമത്തിന് പെരുമ്പളം പഞ്ചായത്ത് ഒരുക്കുന്ന ബ്രിഡ്ജ് മാരത്തൺ പ്രസിഡന്റ് സി.ആർ. ഗിരീഷ് ഫ്ലാഗ് ഓഫ് ചെയ്യും.
ഒന്‍പതിന് വടുതലയിൽ പഞ്ചാരിമേളം, വനിതാ പഞ്ചാരിമേളം, 10ന് രാജേഷ് ചേർത്തലയുടെ ഫ്ലൂട്ട് ഫ്യൂഷൻ, കരിമരുന്ന് പ്രയോഗം, വൈകിട്ട് ആറിന് സിബിൻ മാജിക് ബീറ്റ്സ് നയിക്കുന്ന ഫ്യൂഷൻ ഡിജെ.
Tags : Perumbalam Bridge nattuvishesham local news