കൊരട്ടി: റെയിൽവേ സ്റ്റേഷന് സമീപത്തെ കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ പൊതുമാർക്കറ്റും ദേശീയപാത പെരുമ്പിയിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിന് മുന്നിലെ പാതയോരവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ സംഭരണ കേന്ദ്രങ്ങളായി മാറിയെന്ന പരാതിയുമായി നാട്ടുകാർ.
മാസങ്ങളായി ഹരിതകർമസേന 21 വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ പൊതുമാർക്കറ്റ് വളപ്പിലും സംസ്കരണ യൂണിറ്റിന് മുന്നിലെ വഴിയോരത്തും കുന്നുകൂടി കിടക്കുകയാണെന്നാണ് ആക്ഷേപം.
എല്ലാ ദിവസവും വിവിധയിനം ഇറച്ചികളുടെ വിപണനം നടക്കുന്ന പൊതുമാർക്കറ്റിൽ തുറസായ സ്ഥലത്ത് പ്ലാസ്റ്റിക്, ചില്ല് ഉൾപ്പെടെയുള്ള പാഴ്വസ്തുക്കൾ അലക്ഷ്യമായി തള്ളിയിട്ടിരിക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്.
മഴയും വെയിലും ഏൽക്കുന്ന സാഹചര്യത്തിൽ മാലിന്യങ്ങൾ ദിവസങ്ങളായി കിടക്കുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. മഴക്കാലമായതിനാൽ തുറസായ സ്ഥലങ്ങളിൽ കിടക്കുന്ന മാലിന്യങ്ങൾ കുതിർന്ന് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമോയെന്ന ഭീതിയും ജനങ്ങൾക്കിടയിലുണ്ട്.
പെരുമ്പിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിന് മുന്നിലെ പാതയോരത്തും ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം ചാക്കുകളിലാക്കി സംഭരിച്ചിരിക്കുകയാണ്. സംസ്കരണ യൂണിറ്റിനോട് ചേർന്നാണ് കൊരട്ടി ലെത്തിൻ പള്ളിക്ക് കീഴിലുള്ള റിസൺ ചർച്ച് , മുസ്ലിംപള്ളി, ബ്രദറൺ പ്രാർഥനാലയം എന്നിവയും ഗ്രാമപഞ്ചായത്തിന്റെ ക്രിമറ്റോറിയവും പ്രവർത്തിക്കുന്നത്. ആരാധനാലയങ്ങളിലേക്കും ക്രിമറ്റോറിയത്തിലേക്കും എത്തുന്നവർക്കും ഈ മാലിന്യക്കൂമ്പാരം വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു.
സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിലേക്ക് ആരെങ്കിലും അശ്രദ്ധമായി തീപിടിക്കാവുന്ന വസ്തുക്കൾ വലിച്ചെറിഞ്ഞാൽ ഗുരുതര അപകടസാധ്യതയുണ്ടാകുമെന്ന മുന്നറിയിപ്പും നാട്ടുകാർ ഉയർത്തുന്നുണ്ട്.
വെയിലും മഴയും ഏൽക്കാത്ത വിധത്തിൽ പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാൻ മതിയായ ഷെൽട്ടറുകൾ പഞ്ചായത്ത് ഒരുക്കണമെന്നും, ഹരിതകർമസേനയ്ക്ക് കുറ്റമറ്റരീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും ശക്മായ ആവശ്യമുണ്ട്. വീടുകളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും സേവനഫീസ് ഈടാക്കി ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ നിർദിഷ്ട സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കുന്നതിലെ കാലതാമസം ഒഴിവാക്കി, ശേഖരണം, സംസ്കരണം, വിപണനം എന്നിവ കൂടുതൽ കാര്യക്ഷമമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.