ലക്നോ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ മരണാനന്തര ചടങ്ങിനിടയിൽ വിളമ്പിയ കറിയിൽ കീടനാശിനി കലർന്നതിനെ തുടർന്ന് 12 പേർക്ക് ദേഹാസ്വസ്ഥ്യം. മോഹിത്, ശൈലേന്ദ്ര, നേത്രാപാൽ, അഞ്ജനി, ശ്രീപാൽ, ആഷിഷ്, രവി, ഭുരെ, സച്ചിൻ, കമലേഷ്, ആനന്ദ്, അങ്കേഷ് എന്നിവരാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലുള്ളത്.
ഭക്ഷണം കഴിച്ചവരിൽ ചിലർക്ക് കറിയിൽ അസാധാരണമായ കയ്പ്പ് അനുഭവപ്പെട്ടിരുന്നു. പിന്നാലെ ഇവർക്ക് ഛർദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുടുംബാംഗങ്ങൾ ഭക്ഷണം വിളമ്പുന്നത് നിർത്തിവയ്ക്കുകയും, അസ്വസ്ഥത അനുഭവപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
കറി പാകം ചെയ്യാൻ ഉപയോഗിച്ച വലിയ പാത്രം പരിശോധിച്ചപ്പോൾ, അതിന്റെ അടിഭാഗത്ത് തുറന്ന നിലയിൽ കീടനാശിനിയുടെ പാത്രം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. റഹ്തൗറ സ്വദേശി സന്ദീപിന്റെ മരണത്തിന് പിന്നാലെയുള്ള ചടങ്ങുകളുടെ ഭാഗമായാണ് വിരുന്ന് സംഘടിപ്പിച്ചത്.
കീടനാശിനി അബദ്ധത്തിൽ കറിയിൽ വീണതാണോ അതോ ഇതിനുപിന്നിൽ മറ്റേതെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.