ന്യൂഡൽഹി: പെട്രോളിൽ അനുവദനീയ പരിധിയിൽ കവിഞ്ഞ് എഥനോൾ കലർത്തുന്നുവെന്ന കർണാടക സർക്കാരിന്റെ വാദം തള്ളി പെട്രോളിയം മന്ത്രാലയം. കർണാടകയിലെ ലാബ് പരിശോധനകൾ നിർദിഷ്ട സാങ്കേതിക, നിയമ നടപടിക്രമങ്ങൾക്ക് അനുസൃതമായല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ഇ20 പെട്രോൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) നിർദേശിച്ചിട്ടുള്ള മാനദണ്ഡം പാലിക്കുന്നുവെന്ന് വിശദീകരിച്ച് കേന്ദ്രം വാർത്താക്കുറിപ്പിറക്കി.
കർണാടകയിലെ ഏഴു ജില്ലകളിൽനിന്ന് ശേഖരിച്ച 63 സാന്പിളുകളുകളിലെ അഞ്ചിൽ നാലിലും എഥനോൾ അളവ് 20 ശതമാനത്തിനു മുകളിലാണെന്ന് നാഷണൽ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രിറേഷൻ ലബോറട്ടറീസിന്റെയും (എൻഎബിഎൽ), ഐഎസ്ഒയുടെയും അംഗീകാരമുള്ള ലാബുകളിൽ കണ്ടെത്തിയതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
നേരത്തേ എണ്ണക്കമ്പനികൾ സ്വന്തം ലാബുകളിൽ സാന്പിൾ പരിശോധനയ്ക്കു നൽകിയിരുന്നെങ്കിലും ഈ സാന്പിളുകളുടെ എഥനോൾ അളവ് പുറത്തുവിട്ടിരുന്നില്ല.
രാജ്യത്തുടനീളമുള്ള പൊതുമേഖലാ എണ്ണവിതരണക്കമ്പനികളുടെ റീട്ടെയ്ൽ ഔട്ട്ലെറ്റുകളിൽനിന്നും ഡിപ്പോകളിലുംനിന്നു ശേഖരിച്ച 893 ഇ20 സാന്പിളുകൾ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ ഇവയിൽ 19 മുതൽ 21 ശതമാനം വരെയാണ് എഥനോൾ അടങ്ങിയിരുന്നതെന്ന് കേന്ദ്രം പറയുന്നു.
893 സാന്പിളുകളിൽ കർണാടകയിൽനിന്ന് 56 എണ്ണവും ഉണ്ടായിരുന്നുവെന്നും ഇവയെല്ലാം ഇ20 പെട്രോളിന്റെ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്നും കർണാടക സർക്കാരിന്റെ ലാബ് പരിശോധനാ റിപ്പോർട്ടുകൾ തള്ളിക്കൊണ്ട് പറഞ്ഞു.