തിരുവനന്തപുരം: എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടിൽ പൊലിസ് പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് പേട്ട പൊലിസ് സ്റ്റേഷനിലേക്ക് സിപിഎം നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനിടെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകന്റെ കൈവിരൽ ബാരിക്കേഡിൽ കുടുങ്ങി അറ്റുപോയി.
കന്റോൺമെന്റ് സിഐ സതീഷ് കുമാറിന്റെ കാട്ടാക്കടയിലെ വീട്ടിലേക്ക് ആദ്യം ഡിവൈഎഫ്ഐയും പിന്നീട് എസ്എഫ്ഐയും മാർച്ച് നടത്തിയിരുന്നു. മാർച്ചിനിടെ സിഐക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഉയർന്നു. കഴിഞ്ഞ ദിവസം എസ്ഐ ജി. ഗോകുലിന്റെ വീട്ടിലേക്കും പ്രതിഷേധ മാർച്ച് നടന്നിരുന്നു. നന്ദന്റെ വീട്ടിൽ സതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
പരിശോധനാ സമയത്ത് നന്ദൻ വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് സിപിഎം പ്രവർത്തകരെത്തി പരിശോധന തടസപ്പെടുത്തി. പത്താം തീയതി വരെ സർക്കാരിന് സമയം നൽകും. അതിനകം കന്റോൺമെന്റ് സിഐ സതീഷ് കുമാറിനെ സ്റ്റേഷനിൽ നിന്ന് മാറ്റിയില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി സ്റ്റേഷനിലേക്ക് എത്തുമെന്നും എസ്എഫ്ഐ നേതാക്കൾ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ തീയിൽ കുരുത്തതാണ് എന്ന തരത്തിൽ സതീഷ് കുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇതിനെതിരെ എസ്എഫ്ഐ പ്രവർത്തകരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. പിന്നാലെ സതീഷ് കുമാർ പോസ്റ്റ് പിൻവലിച്ചു. അതേസമയം വീട്ടിലേക്ക് മാർച്ച് നടത്തിയാൽ ഓഫീസിൽ കയറി പിടിക്കുമെന്ന തരത്തിൽ എസ്ഐ ജി. ഗോകുൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും നടപടി തുടങ്ങി.