കോട്ടയം: വില കുത്തനെ കുറഞ്ഞതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ വീണ്ടും പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് പൈനാപ്പിളിന്റെ വില അപ്രതീക്ഷിതമായി നിലംപൊത്തിയത്. തോട്ടത്തില്‍ എത്തി 40 മുതല്‍ 42 രൂപയ്ക്കു വരെ എടുത്തിരുന്ന പൈപ്പാനിളിന് ഇപ്പോള്‍ 25 രൂപ മാത്രമാണ് ലഭിക്കുന്നത്. പൈനാപ്പിള്‍ ഗ്രീന്‍ സ്പെഷല്‍, പച്ച, പഴം എന്നിവ തമ്മില്‍ രണ്ടു മുതല്‍ നാലു രൂപവരെ വ്യത്യാസമുണ്ട്.
പൈനാപ്പിള്‍ തോട്ടങ്ങളില്‍ തെളിക്കല്‍, മരുന്ന് ഒഴിക്കല്, പുതിയ പ്ലാന്റിംഗ് ഉള്‍പ്പടെ ഒട്ടേറെ പണികള്‍ ചെയ്യുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ വില കുറഞ്ഞതു വലിയ തിരിച്ചടിയായതായി കര്‍ഷകര്‍ പറയുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ കിലോഗ്രാമിനു ശരാശരി 35 രൂപ ലഭിച്ചാലേ കൃഷി ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാനാവൂ.
വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കാണ് പൈനാപ്പിൾ കയറ്റിവിടുന്നത്. അവിടെ തണുപ്പ് വര്‍ധിച്ചതോടെയാണ് പൈനാപ്പിളിനു ഡിമാന്‍ഡ് കുറഞ്ഞതും വില കുപ്പുകുത്തിയതും. ഈ സംസ്ഥാനങ്ങളില്‍ ചൂടുകാലത്താണ് ധാരാളമായി പൈനാപ്പിള്‍ ഉപയോഗിക്കുന്നത്.
ഇതിനു പുറമേ പൈനാപ്പിള്‍ സംസ്കരിച്ച ജ്യൂസ് ഉള്‍പ്പടെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം കുറച്ചതും ഡിമാന്‍ഡ് കുറയാന്‍ കാരണമായിട്ടുണ്ട്. നാട്ടിലെ പ്രാദേശിക വിപണിയിലും നിലവില്‍ പൈനാപ്പിളിനു വലിയ ഡിമാന്‍ഡില്ല. കടകളില്‍ ഓറഞ്ച്, മുന്തിരി, ആപ്പിള്‍ തുടങ്ങിയ പഴവര്‍ഗങ്ങള്‍ സുലഭവുമാണ്.
അതേസമയം ശബരിമല തീര്‍ഥാടനം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ കെകെ റോഡില്‍ ഉള്‍പ്പടെയുള്ള തീര്‍ഥാടന പാതകളില്‍ പൈനാപ്പിള്‍ വില്പന വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
വില തിരിച്ചെത്തും, ഫെബ്രുവരിയില്‍
നിലവിലത്തെ സാഹചര്യത്തില്‍ വില തിരിച്ചെത്താന്‍ രണ്ടര മാസത്തോളം കാത്തിരിക്കണം. വടക്കേ ഇന്ത്യയില്‍ ചൂട് വര്‍ധിക്കുന്ന ജനുവരി അവസാനത്തോടെ മാത്രമേ വില തിരിച്ചുകയറുകയുള്ളൂ.
ഇപ്പോഴത്തെ വിലയിടിവ് കര്‍ഷകരെയും വ്യാപാരികളെയും പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്. മുന്‍കാലങ്ങളിലും നവംബര്‍ മുതല്‍ ജനുവരി വരെ വില കുറയാറുണ്ടെങ്കിലും കനത്ത ആഘാതമുണ്ടാകാറില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കടുത്തചൂടിനെത്തുടര്ന്ന് ഒട്ടേറെ കര്‍ഷകരുടെ പൈനാപ്പിള്‍ കൃഷി കരിഞ്ഞുണങ്ങി നശിച്ചിരുന്നു.
ജലാംശം കുറഞ്ഞതോടെ പൈനാപ്പിളിനു വലുപ്പവും കുറഞ്ഞു പോയിരുന്നു. കടുത്ത ചൂടുകാലത്ത് തീറ്റയില്ലാതായതോടെ എലി, വാവല്, മറ്റു പക്ഷികള്‍ ഉള്‍പ്പടെയുള്ളവയുടെ ആക്രമണത്തില്‍ പൈനാപ്പിള്‍ വലിയ തോതില്‍ നശിച്ചിരുന്നു. ഇതിനു പുറമെ വില 20 രൂപയിലേക്കു താഴുകയും ചെയ്തിരുന്നു. പിന്നീടു ജൂണ്‍ മാസത്തിലാണ് വില ഉയര്‍ന്നത്.