ആലുവ: സ്ത്രീകളുടെ സമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്ന തുക ഈ പിങ്ക് ചിട്ടിയിൽ നിക്ഷേപിച്ച് അവർക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
ആലുവയിൽ നടന്ന എംഎൽഎ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി വഴി സർക്കാരിനുണ്ടാകുന്ന 1000 കോടി രൂപയുടെ നഷ്ടത്തെ വെറുമൊരു സാമ്പത്തിക നഷ്ടമായി താൻ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പദ്ധതി കേരളത്തിൽ വലിയൊരു സാമൂഹിക-സാമ്പത്തിക മാറ്റത്തിന് കാരണമാകുമെന്നും 1000 കോടി രൂപയേക്കാൾ മൂല്യമുള്ള മാറ്റമാണ് ഇതിലൂടെ സമൂഹത്തിൽ ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.