പിറവം: പിറമാടം സെന്റ് ജോണ്‍സ് ബത്ലഹേം സുറിയാനി പള്ളിയില്‍ സംഘര്‍ഷം. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ കുര്‍ബാന അര്‍പ്പിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗവും പള്ളിക്കുള്ളില്‍ പ്രാര്‍ഥന നടത്തിവന്നിരുന്ന യാക്കോബായ വിഭാഗവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്സ് സഭ അസിസ്റ്റന്റ് വികാരി ഫാ. എബിന് ഏബ്രഹാം, യാക്കോബായ വിഭാഗത്തിലെ പിറമാടം ചെനയംമാക്കില്‍ റെജി, ഡാനിയേല്‍ പയ്യാനിക്കല്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ ഏഴോടെയാണ് മൂവാറ്റുപുഴ സബ് കോടതി ഉത്തരവുമായി ഫാ. എബിന് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ ആരാധനയ്ക്കെത്തിയത്.
ഈ സമയം യാക്കോബായ വിഭാഗം ഇവിടെ കുര്‍ബാനയ്ക്കു മുമ്പുള്ള പ്രാര്‍ഥന നടത്തിവരികയായിരുന്നു. ഫാ. എബിന് ഏബ്രഹാം മദ്ബഹയില്‍ പ്രവേശിക്കുന്നത് യാക്കോബായ വിഭാഗം തടഞ്ഞു. തുടര്‍ന്ന് പള്ളിക്കുള്ളില്‍ തര്‍ക്കവും സംഘര്‍ഷവുമായി.
രാമമംഗലം പോലീസ് എത്തിയാണ് വലിയ സംഘര്‍ഷം ഒഴിവാക്കിയത്. തുടര്‍ന്ന് ഫാ. എബിന് പള്ളി ഗേറ്റിനു സമീപം കുത്തിയിരുന്നു പ്രതിഷേധിച്ചു.
യാക്കോബായ വിഭാഗം പള്ളിയില്‍ ആരാധന തുടരുകയും ചെയ്തു. പള്ളിയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തിരിക്കുകയാണ്. അടുത്തദിവസം കളക്ടറുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും പള്ളിയില്‍ ആരാധന പുനരാരംഭിക്കുക.