കൽപ്പറ്റ: ജില്ലയുടെ വികസന കാഴ്ചപ്പാടുകൾക്കായി ദുരന്ത പ്രതിരോധത്തിലൂന്നിയ ആസൂത്രിത വികസനം ജില്ലയ്ക്ക് അനിവാര്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ. ജില്ലാ ടൗണ്‍പ്ലാൻ ഓഫിസിന്റെ ആഭിമുഖ്യത്തിൽ ലോക നഗരാസൂത്രണ ദിനാചരണത്തോടനുബന്ധിച്ച് കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
ആസൂത്രിതമായ നഗര വികസനത്തിലൂടെ മാത്രമേ പരിസ്ഥിതി സൗഹൃദവും ജനവാസയോഗ്യവുമായ നഗരങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ.
പരിസ്ഥിതി ആഘാതം കുറച്ചുകൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കൽ, നഗരങ്ങളിലെ മാലിന്യ സംസ്കരണം ഹരിതവത്കരണത്തിന് മുൻഗണന നൽകി വികസനം നടപ്പാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ലോക നഗരാസൂത്രണ ദിനത്തോടനുബന്ധിച്ച് കളക്ടറേറ്റ് പരിസരത്ത് തയാറാക്കിയ ഗ്രീൻ സ്പേസ് ജില്ലാ കളക്ടർ വി. ചെൽസാസിനി ഉദ്ഘാടനം ചെയ്തു.
വയനാടിന്റെ ആസൂത്രണ കാഴ്ചപ്പാട് വെല്ലുവിളികളും സാധ്യതകളും നഗരാസൂത്രണവും കെട്ടിട നിർമാണ ചട്ടങ്ങളും എന്നീ വിഷയങ്ങളിൽ റിട്ട. ചീഫ് ടൗണ്‍ പ്ലാനർ കെ.വി. അബ്ദുൾ മാലിക്, റിട്ട. ഡെപ്യൂട്ടി ടൗണ്‍ പ്ലാനർ ടി.എൻ. ചന്ദ്രബോസ് എന്നിവർ ക്ലാസെടുത്തു.
ജില്ലാ ടൗണ്‍ പ്ലാനർ കെ.എസ്. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ കെ. രാകേഷ് കുമാർ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. സജീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ. സുമ, വിബിജി റാം പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ബൈജു, ഡെപ്യൂട്ടി ടൗണ്‍പ്ലാനർ ടി.സി. സൂരജ്, പി.വി. ഫൈസൽ എന്നിവർ പ്രസംഗിച്ചു.