മാഡ്രിഡ്: ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള 26 അംഗ സ്പാനിഷ് ടീമിനെ മുഖ്യപരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യൂണ്ടെ പ്രഖ്യാപിച്ചു. സ്പെയിനിലെ ഏറ്റവും വലിയ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍നിന്നുള്ള ഒരു കളിക്കാരന് പോലും ലോകകപ്പ് ടീമില്‍ ഇടംപിടിച്ചില്ലെന്നതാണ് ശ്രദ്ധേയം.
എഫ്സി ബാഴ്സലോണയുടെ 18കാരനായ സൂപ്പര്‍ താരം ലാമിന് യമാലാണ് ടീമിന്റെ മുഖ്യാകര്‍ഷണം. യമാല്‍ പരിക്കിന്റെ പിടിയിലാണെങ്കിലും നിക്കോ വില്യംസ്, മിഖേല്‍ മെറിനൊ എന്നിവരും ചേര്‍ന്നുള്ള മൂവര്‍ ആക്രമണസംഘമാണ് ലാ റോജ എന്ന വിളിപ്പേരുള്ള സ്പെയിനിന്റെ കരുത്ത്.
മധ്യനിരയില്‍ ഗാവി, റോഡ്രി, പെഡ്രി, ഫാബിയന്‍ റൂയിസ് തുടങ്ങിയ വമ്പന്മാര് അണിനിരക്കും. ഡാനി ഓള്‍മോ, ഫെറാന്‍ ടോറസ്, മൈക്കല്‍ ഒയര്‍സബാല്‍, മാര്‍ക്ക് ക്യുകെറെല്ല, എയ്മറിക് ലാപോര്‍ട്ടെ, എറിക് ഗാര്‍സ്യ തുടങ്ങിയവരെല്ലാം സ്പാനിഷ് സംഘത്തിലുണ്ട്.
ലോകകപ്പ് ഗ്രൂപ്പ് എച്ചില് ഉറുഗ്വെ, സൗദി അറേബ്യ, കേപ് വെര്‍ഡെ എന്നീ ടീമുകള്‍ക്കൊപ്പമാണ് സ്പെയിന്. ജൂണ്‍ 15ന് കേപ് വെര്‍ഡെയ്ക്ക് എതിരേയാണ് സ്പെയിനിന്റെ ആദ്യ മത്സരം.
ചരിത്രത്തില്‍ ആദ്യം
ഫിഫ ലോകകപ്പില്‍ റയല്‍ മാഡ്രിഡ് താരങ്ങളാരുമില്ലാതെ സ്പെയിന് പങ്കെടുക്കുന്നത് ചരിത്രത്തില്‍ ഇതാദ്യം. 1934ല്‍ ഇറ്റലി ആതിഥേയത്വം വഹിച്ച ലോകകപ്പിലൂടെയാണ് സ്പെയിന് അരങ്ങേറിയത്. പിന്നീട് ഇതാദ്യമായാണ് റയല്‍ മാഡ്രിഡ് താരങ്ങള്‍ ഇല്ലാതെ സ്പെയിന് ലോകകപ്പ് കളിക്കാനെത്തുന്നത്; നീണ്ട 92 വര്‍ഷങ്ങള്‍ക്കുശേഷം.
2010 ലോകകപ്പ് ചാമ്പ്യന്മാരാണ് സ്പെയിന്. കഴിഞ്ഞ രണ്ടു തവണയും പ്രീക്വാര്‍ട്ടറില്‍ പുറത്തായി. എന്നാല്‍, നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരാണ് ലാ റോജ.