കണ്ണൂര്‍: മരത്തിന്റെ ലഭ്യതക്കുറവ് പ്ലൈവുഡ് വ്യവസായങ്ങളുടെ ഹബ്ബ് എന്ന വിശേഷിപ്പിച്ചു പോന്ന കണ്ണൂരിലെ പ്ലൈവുഡ് ഉൾപ്പടെയുള്ള മരാധിഷ്ഠിത മേഖലയെ പ്രതിസന്ധിയിലാക്കുന്നു. മരങ്ങൾ ലഭിക്കാത്തത് കാരണം പല ഫാക്ടറികളും പൂട്ടുകയോ പ്രവൃത്തി ദിവസങ്ങൾ വെട്ടിക്കുറയ്ക്കുകയോ ചെയ്തിരിക്കുകയാണ്. ജില്ലയിൽ ആകെ 140 ചെറുകിട പ്ലൈവുഡ് നിർമാണയൂണിറ്റുകളാണുള്ളത്.
മുൻകാലങ്ങളിൽ ആഴ്ചയിൽ ഏഴു ദിവസങ്ങളിൽ വിവിധ ഷിഫ്റ്റുകളിലായി പ്രവർത്തിച്ചിരുന്ന യൂണിറ്റുകൾ പലതും ഇപ്പോൾ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് കാരണം പ്രവർത്തനം ആഴ്ചയിൽ മൂന്നോ നാലോ ദിവസങ്ങളാക്കി കുറച്ചിരിക്കുകയോ പ്രവർത്തനം നിർത്തുകയോ ചെയ്തിരിക്കുകയാണ്. മരത്തടികൾ പ്ലൈവുഡ് നിർമാണ കേന്ദ്രമായ പെരുന്പാവൂരിലേക്ക് കടത്തി ഉയർന്ന വിലയ്ക്ക് വിൽക്കുന്ന സംഘം സജീവമായതോടെയാണ് ജില്ലയിൽ ആവശ്യത്തിന് പ്ലൈവുഡ് കിട്ടാത്തത്തിന് പ്രധാന കാരണങ്ങളിൽ ഒന്നെന്ന് നോർത്ത് മലബാർ പ്ലൈവുഡ്സ് ആൻഡ് ഡോർസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ആരോപിച്ചു. അതേ സമയം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് ലൈസൻസ് അനുവദിച്ചുനൽകുന്നതും മറ്റൊരു പ്രതിസന്ധിയാണ്. ലൈസൻസ് അനുവദിക്കുന്ന കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ കണ്ണൂരിലെ പ്ലൈവുഡ് മേഖലയ്ക്ക് ഹരിയാനയുടെ അവസ്ഥയാണ് ഉണ്ടാകുക.
ഹരിയാനയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ വ്യാപകമായി പ്ലൈവുഡ് നിർമാണ കന്പനികൾക്ക് ലൈലൻസ് അനുവദിച്ചതു കാരണം പിന്നീട് എല്ലാം അടച്ചുപൂട്ടുകയും പ്ലൈവുഡ് മേഖല ഇല്ലാതാകുകയും ചെയ്തിരുന്നു. ഈ അവസ്ഥ കണ്ണൂരിലും കേരളത്തിലുമുണ്ടാകാതിരിക്കാൻ ലൈസൻസുകൾ അനുവദിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു . ജില്ലയിലെ പ്ലൈവുഡ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നോർത്ത് മലബാർ പ്ലൈവുഡ്സ് ആൻഡ് ഡോർസ് മാനുഫാക്ചറേഴ്സ് ആറിന് പണിമുടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും അന്നു രാവിലെ പത്തിന് പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ നടക്കും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ ഡോ. ടി പി നാരായണന്, ബി.പി. അബ്ദുല്‍ ഗഫൂര്‍, പി. സൈനുദ്ദീൻ, മജീദ് ഹാജി, എ.പി.എം ആലപ്പി എന്നിവര്‍ പങ്കെടുത്തു.