ശ്രീനഗർ: അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ സ്വദേശിയായ കൗമാരക്കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാസേന. പാക് അധീന കാഷ്മീർ സ്വദേശിയായ 14കാരനെയാണ് സുരക്ഷാസേന കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പാക് അധീന കാഷ്മീരിൽ തെട്രനോട്ട് സ്വദേശി മുഹമ്മദ് ഷെരീഫിന്റെ മകൻ ജാവിദ് അലി ആണ് പിടിയിലായതെന്ന് സുരക്ഷാസേന വ്യക്തമാക്കി. പൂഞ്ച് ജില്ലയിലെ സലോത്രി മേഖലയിൽ നിന്നാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുന്നത്.
അതിർത്തി പ്രദേശത്തിന് സമീപമുള്ള പുഴയിൽ കുളിക്കാൻ പോയതാണെന്നും അബദ്ധത്തിൽ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യൻ ഭാഗത്തേക്ക് കടന്നതാണെന്നുമാണ് ജാവിദ് അലി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ.
ജാവിദ് അലി അബദ്ധത്തിൽ അതിർത്തി കടന്ന് എത്തിയതാണെന്ന് വ്യക്തമായാൽ 24 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാൻ അധികൃതരുമായി ബന്ധപ്പെട്ട് ജാവിദ് അലിയെ മാതാപിതാക്കളെ ഏൽപ്പിക്കുമെന്ന് സുരക്ഷാസേന കൂട്ടിച്ചേർത്തു.