എരുമേലി: കാനനപാതയിൽ സൗഹൃദത്തിന്റെ പുതുമാതൃക തീർത്ത് പൊലിസും വനം വകുപ്പും. എരുമേലിയിൽ നിന്നുള്ള ശബരിമല കാനനപാതയുടെ തുടക്കത്തിൽ തന്നെ നാടിന് മാതൃകയാകുന്ന മനോഹരമായ ഒരു സൗഹൃദക്കാഴ്ചയാണ് ഇപ്പോൾ അരങ്ങേറുന്നത്.
ഇരുമ്പൂന്നിക്കരയ്ക്ക് സമീപം കോയിക്കക്കാവ് വനാതിർത്തിയിലുള്ള ഫോറസ്റ്റ് സ്റ്റേഷനിലാണ് പൊലിസും വനംവകുപ്പും ഒരേ മേൽക്കൂരയ്ക്ക് കീഴിൽ സ്നേഹത്തിന്റെ പുതിയ അധ്യായം എഴുതിച്ചേർക്കുന്നത്. ഒരു ഭിത്തിയുടെ മാത്രം വ്യത്യാസത്തിൽ അപ്പുറത്തും ഇപ്പുറത്തുമായി രണ്ട് വകുപ്പുകളും ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് നാട്ടുകാർക്കും തീർഥാടകർക്കും വലിയൊരു കൗതുകമായി മാറിയിരിക്കുകയാണ്.
തീർഥാടന കാലത്ത് സുരക്ഷയൊരുക്കാനെത്തിയ പൊലിസ് സേനയ്ക്കായി തങ്ങളുടെ കെട്ടിടത്തിന്റെ പകുതിയോളം ഭാഗം വനംവകുപ്പ് വിട്ടുനൽകി. വനംവകുപ്പിന്റെ ഈ സ്നേഹപൂർവമായ ഇടപെടലിന് പൊലിസ് സേന നൽകുന്ന കരുതലാണ് ഏറെ ശ്രദ്ധേയം.
എരുമേലിയിലെ പൊലിസ് കാന്റീനിൽ നിന്നു പൊലിസുകാർക്കായി എത്തിക്കുന്ന ഭക്ഷണത്തിൽ, ഇവിടെ ഡ്യൂട്ടിയിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർക്കുള്ള വിഹിതവും കൃത്യമായി ഉൾപ്പെടുത്തി എത്തിച്ചു നൽകുന്നുണ്ട്.
രണ്ട് വ്യത്യസ്ത സേനാവിഭാഗങ്ങൾ യാതൊരു വേർതിരിവുമില്ലാതെ പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും പ്രവർത്തിക്കുന്നത് പ്രദേശവാസികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. കാനനപാതയിലൂടെ കടന്നുപോകുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം ഉദ്യോഗസ്ഥർക്കിടയിലെ ഈ ഊഷ്മളമായ ആത്മബന്ധം ഏവർക്കും വലിയൊരു സന്ദേശമാണ് നൽകുന്നത്.