ചാരുംമൂട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് പൊലിസുകാരന് പരിക്കേറ്റു. നൂറനാട് സർക്കിൾ ഓഫിസിലെ സിപിഒ കായംകുളം പുല്ലുകുളങ്ങര സ്വദേശി ഗോഗുൽനാഥിനാണ് (28) പരിക്കേറ്റത്. ഇദ്ദേഹത്തെ അടൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടത് കൈക്ക് ഒടിവുസംഭവിച്ചതിനാൽ അടിയന്തിര ശസ്ത്രക്രിയ നടത്തി. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാവിലെ ചാരുംമൂട് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പോയിന്റിലായിരുന്നു അപകടം. സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിലേക്ക് പിന്നിൽ വന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗോഗുൽനാഥ് റോഡിലേക്ക് തെറിച്ചു വീഴുകയും ബൈക്ക് അമ്പത് മീറ്ററോളം മുന്നോട്ട് ഉരുണ്ടുപോയി മറിയുകയുമായിരുന്നു. ഈ സമയം കാൽനടയാത്രക്കാരോ വാഹനങ്ങളോ വരാതിരിരുന്നതിനാൽ മറ്റപകടങ്ങൾ ഒഴിവായി. നൂറനാട് പൊലിസ് ബസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർ അനൂപിനെതിരേ (35) കേസെടുക്കുകയും ചെയ്തു.