ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനും അവർക്കെതിരേയുള്ള പൊലിസ് അക്രമങ്ങൾക്കുമെതിരേ ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് (ഡിയുജെ) സുപ്രീംകോടതിയെ സമീപിച്ചു.
റിപ്പോർട്ടിംഗിനിടെ മാധ്യമപ്രവർത്തകരെ പൊലിസ് ബലമായി നീക്കം ചെയ്തെന്നും സംഭവങ്ങൾ ചിത്രീകരിക്കുന്നതിൽനിന്ന് തടഞ്ഞെന്നും ബലപ്രയോഗം നടത്തിയെന്നും സംഘടന സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
നിയമപരമായ റിപ്പോർട്ടിംഗിന്റെ സംരക്ഷണം, സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം, പ്രസക്തമായ തെളിവുകൾ ഉടനടി സംരക്ഷിക്കൽ, നിയമവിരുദ്ധമായി അധികൃതർ കൈവശം വച്ചിരിക്കുന്ന മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ തിരികെ നൽകൽ, ലംഘനങ്ങൾ കണ്ടെത്തിയാൽ ഉചിതമായ നടപടിയും നഷ്ടപരിഹാരവും എന്നിവയും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.