കൊച്ചി: ചേരാനെല്ലൂര്‍ അപകടത്തില്‍ പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്‍റെ മകള്‍ ഭദ്രകീര്‍ത്തി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി എടുക്കുമെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. നിശാന്തിനി.
പരാതിയില്‍ പറയുന്ന കാര്യങ്ങളെല്ലാം സൂക്ഷമമായി പരിശോധിക്കും. എല്ലാം കാര്യവും ഓരോ വാക്കിനുമുള്ള മറുപടി പരിശോധിച്ച് മറുപടി കൊടുത്തിരിക്കും. പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിച്ച് ഉചിതമായ നടപടി എടുക്കും. ഞാന്‍ കുടുംബത്തോട് സംസാരിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എല്ലാവരും അവരോട് സംസാരിച്ചിട്ടുണ്ട്.
ആശങ്കയ്ക്ക് കാര്യമില്ല. അവരോടൊപ്പമാണ് നമ്മള്‍ എന്ന കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേരള പൊലിസ് അറിയപ്പെടുന്നത് തന്നെ സത്യസന്ധമായ അന്വേഷണത്തിന് വേണ്ടിയാണ്. ആ രീതിയില്‍ തന്നെ പൊലിസ് മുന്നോട്ട് പോകുമെന്നും ആര്‍. നിശാന്തിനി മാധ്യമങ്ങളോട് പ്രതികരിച്ചു.
അപകടം നടന്ന സ്ഥലത്ത് ജഡ്ജിയുടെ അസാധാരണമായ സാന്നിധ്യവും പൊലിസ് സ്റ്റേഷനിലെ ഇടപെടലുകളും തെളിവു നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമായുള്ള ശ്രമമാണെന്ന് കാണിച്ചാണ് ഭദ്രകീര്‍ത്തി സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
അപകടസ്ഥലത്തെ എതിര്‍കക്ഷിയുടെ അസാധാരണമായ സാന്നിധ്യത്തെ കുറിച്ച് അന്വേഷിക്കണം. അവിടെ അദ്ദേഹം എന്തൊക്കെ ചെയ്തു എന്ന് കണ്ടെത്തുന്നതിനായി അപകടസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം. തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണം.
അപകട സമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്ന ജഡ്ജി എന്നെഴുതിയ ബോര്‍ഡ് അഴിച്ചുമാറ്റിയെന്നതും ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നതും അന്വേഷിക്കണമെന്നും ജഡ്ജിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.