വാർസോ: യൂറോപ്പിൽ നാലു യാത്രാവിമാനങ്ങൾ ബോംബ് ഭീഷണിയെത്തുടർന്ന് നിലത്തിറക്കി. ഇതിൽ രണ്ടെണ്ണം പോളിഷ് തലസ്ഥാനമായ വാർസോയിലേക്കു പുറപ്പെട്ടവയായിരുന്നു.
ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽനിന്നു വാർസോയിലേക്കു പുറപ്പെട്ട എൽഒടി പോളിഷ് എയർലൈൻസ് വിമാനം, ഡാനിഷ് തലസ്ഥാനമായ കോപ്പൻഹേഗനിൽനിന്നു വാർസോയിലേക്കു പുറപ്പെട്ട എസ്എഎസ് എയർലൈൻസ് വിമാനം, ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽനിന്ന് സ്പെയിനിലെ മുർസിയയിലേക്കു പുറപ്പെട്ട റയാൻഎയർ വിമാനം, ഇസ്രയേലിൽനിന്ന് ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലേക്ക് വന്ന എൽഅൽ എയർലൈൻസ് വിമാനം എന്നിവയാണു നിലത്തിറക്കിയത്.
ലണ്ടനിൽനിന്നു പുറപ്പെട്ട് വാർസോയിലെ പ്രധാന വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം വാർസോയിലെ മറ്റൊരു വിമാനത്താവളമായ മോഡ്ലിനിലേക്കു വഴിതിരിച്ചുവിട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിൽ പരിശോധ നടത്തുന്ന സമയം വിമാനത്താവളം അടച്ചിട്ടു.
കോപ്പൻഹേഗൻ-വാർസോ വിമാനം മുൻകൂട്ടി നിശ്ചയിച്ച വിമാനത്താവളത്തിൽത്തന്നെ ഇറക്കി സുരക്ഷാ പരിശോധനകൾ നടത്തി.
മാഞ്ചസ്റ്റർ- മുർസിയ വിമാനവും ബോംബ് ഭീഷണിയെത്തുടർന്ന് ലാൻഡ് ചെയ്ത് യാത്രക്കാരെ പുറത്തിറക്കി പരിധോനയ്ക്കു വിധേയമാക്കി.
ഇസ്രയേലിൽനിന്നു പുറപ്പെട്ട വിമാനത്തിൽ ബോംബുണ്ടെന്ന സന്ദേശം ഇ-മെയിൽ വഴിയാണു ലഭിച്ചത്. സോഫിയയിൽ വിമാനം ഇറക്കിയശേഷം തീവ്രവാദവിരുദ്ധസേന പരിശോധന നടത്തി.
ഇതിനു പുറമേ, റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തിലും രണ്ടു വിമാനങ്ങളിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധന നടത്തി. പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽനിന്നും ഐറിഷ് തലസ്ഥാനമായ ഡബ്ലിനിൽനിന്നും പുറപ്പെട്ട റയാൻഎയർ വിമാനങ്ങളായിരുന്നു ഇവ.
ഭീഷണികളെല്ലാം വ്യാജമായിരുന്നുവെന്നും വിമാനങ്ങളിൽനിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നുമാണ് പ്രാഥമിക സൂചന.