Kerala
കൊച്ചി: രാഷ്ട്രീയരംഗത്ത് മൂല്യബോധവും സാമൂഹ്യബോധവും വളർത്താൻ പഠന, പരിശീലന പദ്ധതികൾ അനിവാര്യമാണെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
കത്തോലിക്ക കോൺഗ്രസ് രൂപീകരിച്ച പൊളിറ്റിക്കൽ അക്കാദമി എറണാകുളം പിഒസിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയരംഗത്ത് പുതുതലമുറയെ വാർത്തെടുക്കാനും അതുവഴി രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാനും പൊളിറ്റിക്കൽ അക്കാദമിയിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനത്തിനു സാധിക്കണം.
എല്ലാവിഭാഗം ആളുകളെയും ഉൾക്കൊള്ളാൻ കഴിയുന്ന രാഷ്ട്രീയസംസ്കാരം വളർത്തിയെടുക്കണം. ലോകത്തിന്റെ വളർച്ചയ്ക്കൊപ്പം മുന്നേറാൻ സാധിക്കുന്ന തലമുറയെ വാർത്തെടുക്കാൻ കത്തോലിക്ക കോൺഗ്രസിന്റെ ഈ നിർണായക സംരംഭത്തിനു സാധിക്കണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
മുംബൈയിൽ ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് നാഷണൽ കോൺഫറൻസിന്റെ പോസ്റ്റർ മാർ തട്ടിൽ പ്രകാശനം ചെയ്തു.
സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങളുടെ നിഷേധവും വിവിധ അധിനിവേശങ്ങളും ചെറുക്കാൻ കത്തോലിക്ക കോൺഗ്രസ് പ്രാപ്തമാണെന്നതു ശ്ലാഘനീയമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് ജെ.ബി. കോശി കമ്മീഷൻ പഠനശിബിരവും കേന്ദ്ര പ്രതിനിധിസഭാ യോഗവും നടന്നു. എഫ്സിആർഎ നിയമഭേദഗതി പിൻവലിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ റിപ്പോർട്ടും ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ കണക്കും അവതരിപ്പിച്ചു.
International
കാഠ്മണ്ഡു: നേപ്പാളിൽ രാഷ്ട്രീയപ്രേരിതമെന്ന് വിലയിരുത്തപ്പെടുന്ന 1500-ലധികം സുപ്രധാന നിയമനങ്ങൾ പുതിയ സർക്കാർ റദ്ദാക്കി. പ്രസിഡന്റ് രാംചന്ദ്ര പൗഡൽ പുറപ്പെടുവിച്ച പ്രത്യേക ഓർഡിനൻസിലൂടെയാണു മുൻ സർക്കാർ നടത്തിയ നിയമനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയത്. രാജ്യത്ത് ഭരണമാറ്റം നടന്ന മാർച്ച് 26-ന് മുമ്പ് നടത്തിയ നിയമനങ്ങളാണ് ഇതോടെ അസാധുവായതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2025 സെപ്റ്റംബറിൽ നടന്ന അതിശക്തമായ യുവജന പ്രക്ഷോഭങ്ങൾക്കു പിന്നാലെ മാർച്ച് അഞ്ചിനു നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നിരുന്നു. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ കടുത്ത എതിർപ്പാണ് ബാലേന്ദ്ര ഷായെ അധികാരത്തിലെത്തിച്ചത്.
റദ്ദാക്കപ്പെട്ട നിയമനങ്ങളിൽ ഭൂരിഭാഗവും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നേടിയവയാണെന്നാണു റിപ്പോർട്ട്.
Kerala
കണ്ണൂർ: ബിജെപി ഡീൽ ഉന്നയിക്കുന്നത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡേഴ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബിജെപിയുടെ നേതൃനിര നോക്കിയാൽ 30 ശതമാനം കോൺഗ്രസുകാരായിരിക്കും. രാജസ്ഥാനിൽ കെ.സി. വേണുഗോപാൽ രാജ്യസഭാംഗത്വം രാജിവച്ചാൽ അവിടെ ബിജെപി ജയിക്കുമെന്ന് അറിയാമായിരുന്നു. വേണുഗോപാൽ രാജിവച്ചത് ഏത് ഡീലിന്റെ ഭാഗമായിരുന്നു?. കോൺഗ്രസ് നേതാക്കളുടെ സ്വന്തം ബന്ധുക്കളും മക്കളും എവിടെയാണുള്ളത്?. സ്വയം അപഹാസ്യരായവർ സിപിഎമ്മിനെ അപഹസിക്കാൻ ശ്രമിക്കരുത്.
ഇഎംഎസ് പട്ടാമ്പിയിൽ മത്സരിക്കുമ്പോൾ ദീൻ ദയാൽ ഉപാധ്യായ കോൺഗ്രസിനു വേണ്ടി പ്രചാരണം നടത്തി. എകെജി പാലക്കാട് മത്സരിക്കുമ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടേയും സ്ഥാനാർഥിയായത് ആർഎസ്എസ് കാര്യവാഹകായിരുന്നു.
രാഹുൽ ഗാന്ധി ഇടതുപക്ഷ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരേ പറയുന്നില്ല എന്ന് പറയുമ്പോൾ അതിന്റെ അസ്വാഭാവികത എത്രയെന്ന് അദ്ദേഹം ആലോചിക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് കേന്ദ്രത്തിനെതിരേ പ്രതികരിക്കാൻ കേരളം തയാറായി. കേരളത്തോട് കേന്ദ്രം പ്രത്യേക വിവേചനം കാണിക്കുന്നു. കേരളത്തിന്റെ വികസനമാണ് തടയപ്പെടുന്നത്. കേരളത്തെ തകർക്കുന്ന കേന്ദ്ര സമീപനം വന്നപ്പോൾ ഒരക്ഷരം സംസാരിക്കാൻ രാഹുൽ തയാറായില്ല.
കേന്ദ്രത്തിനെതിരെ പ്രക്ഷോഭം നടത്താൻ ഞങ്ങൾ തയാറായി. കേരളത്തിന്റെ പൊതുവായ പ്രശ്നമാണ്, ഒന്നിച്ച് സമരം നടത്തിക്കൂടെ എന്ന് ചോദിച്ചപ്പോൾ, ഞങ്ങളില്ല എന്നാണ് കോൺഗ്രസ് പറഞ്ഞത്. തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ രാജ്യത്താകെ തൊഴിലാളികൾ പണിമുടക്ക് നടത്താൻ തീരുമാനിച്ചു. രാഹുൽ ഗാന്ധിയുടെ പാർട്ടി പണിമുടക്കിനോടു കേരളത്തിൽ സ്വീകരിച്ച നിലപാട് എന്താണ്.
കേരളത്തിൽ അത്തരമൊരു യോജിപ്പ് ഉണ്ടായിക്കൂടാ എന്ന നിലപാട് സ്വീകരിച്ചു.
ഡൽഹിയിൽ ചെന്ന് കേരളത്തിലെ മന്ത്രിസഭ സമരം നടത്തി. കോൺഗ്രസ് ദേശീയ നേതാക്കളെയും സമരത്തിന് ക്ഷണിച്ചു. പക്ഷേ, പങ്കെടുക്കരുത് എന്ന് കേരളത്തിലെ നേതൃത്വം നിലപാട് സ്വീകരിച്ചു. ബിജെപിക്കെതിരായ പൊതുവായ മുന്നേറ്റമായി പ്രക്ഷോഭം മാറി. കോൺഗ്രസ് സ്വീകരിച്ച നടപടി ഫലത്തിൽ ബിജെപിയെ സഹായിക്കാനായിരുന്നു-പിണറായി കൂട്ടിച്ചേർത്തു.
Kerala
കൊടകര: ക്രൈസ്തവരോടു രാഷ്ട്രീയപ്രസ്ഥാനങ്ങൾ തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നു തൃശൂർ അതിരൂപത പ്രോവിൻസിലെ അഞ്ചു രൂപതകളുടെ സംയുക്ത വൈദികസമിതി സമ്മേളനം.
അധികാരത്തിലെത്തിയാൽ ക്രൈസ്തവർ വർഷങ്ങളായി ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ എന്തു നടപടിയെടുക്കുമെന്നു രാഷ്ട്രീയപാർട്ടികൾ വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മലയോരമേഖലയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയാകുന്നില്ലെന്നും സർക്കാരിന്റെ മദ്യനയം വഞ്ചനാപരമാണെന്നും യോഗം വിലയിരുത്തി. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ട നടപടിയെ അഭിനന്ദിക്കുന്നു. ശിപാർശകൾ നടപ്പാക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കണം. അധികാരത്തിലുള്ളവരും ഭരണം പ്രതീക്ഷിക്കുന്നവരും ഇക്കാര്യത്തിൽ എന്തുചെയ്യുമെന്ന് അറിയണം.
അധ്യാപക ഭിന്നശേഷിനിയമനത്തിൽ പോരാട്ടങ്ങളുടെ ഫലമായി ഏറെ വൈകി ഇടപെടലുകളുണ്ടായെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങളോടുള്ള വിവേചനവും ശത്രുതാപരമായ സമീപനവും തുടരുകയാണ്.
ക്രൈസ്തവ ന്യൂനപക്ഷ അവകാശങ്ങൾ പിൻവാതിലിലൂടെ കവർന്നെടുക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും സംയുക്ത വൈദികസമിതിയോഗം ആവശ്യപ്പെട്ടു.
സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മാർ പോളി കണ്ണൂക്കാടൻ- ഇരിങ്ങാലക്കുട, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ- പാലക്കാട്, മാർ പോൾ ആലപ്പാട്ട്- രാമനാഥപുരം, മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറന്പിൽ-ഹൊസൂർ, മാർ ബോസ്കോ പുത്തൂർ- മെൽബണ്, വിവിധ രൂപതകളിലെ വികാരി ജനറാൾമാർ, കൂരിയ ഭാരവാഹികൾ, പ്രെസ്ബിറ്ററൽ കൗണ്സിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഫാ. ഡോ. ജയിംസ് കൊക്കാവയലിൽ, ഫാ. ഡോ. മാത്യു ഇല്ലത്തുപറന്പിൽ, ഡോ. മേരി റെജീന, പ്രഫ. കെ.എം. ഫ്രാൻസിസ് എന്നിവർ ക്ലാസുകൾ നയിച്ചു.
Kerala
കൊല്ലം: കൊല്ലം രൂപതയുടെ കീഴിൽ 10 നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ലത്തീൻ സമുദായത്തിന് രാഷ്ട്രീയ മുന്നണികൾ അർഹമായ പ്രാതിനിധ്യം നൽകാത്ത സാഹചര്യത്തിൽ സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തുന്ന കാര്യവും സഭയുടെ പരിഗണനയിലാണെന്ന് രൂപത രാഷ്ട്രീയ കാര്യസമിതി.
കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരിയുടെ സാന്നിധ്യത്തിൽ വികാരി ജനറാൾ ബൈജു ജൂലിയാന്റെ അധ്യക്ഷതയിൽ ചേർന്ന കൊല്ലം രൂപത രാഷ്ട്രീയ കാര്യസമിതിയാണ് തീരുമാനം എടുത്തത്.
യോഗത്തിൽ ജനറൽ മിനിസ്റ്ററി കോ -ഓർഡിനേറ്റർ ഫാ. ജോസ് സെബാസ്റ്റ്യൻ, അൽമായ കമ്മീഷൻ ഡയറക്ടർ ഫാ. ജോർജ് സെബാസ്റ്റ്യൻ, ഡിസിഎംഎസ് ഡയറക്ടർ ഫാ. അരുൺ ആറാടൻ, രാഷ്ട്രീയകാര്യ സമിതി കൺവീനർ അഡ്വ: ഫ്രാൻസിസ്. ജെ നെറ്റോ, പ്രഫ. എസ്. വർഗീസ്. എസ്. മിൽട്ടൺ, സന്തോഷ് ജോസഫ്, അമൽ അലോഷ്യസ്. ലെറ്റിഷ്യ മാർട്ടിൻ, വത്സല ജോയി എന്നിവർ പ്രസംഗിച്ചു. തീവ്ര വോട്ടർ പട്ടികാപരിശോധനയുടെ രൂപതാതല ഉദ്ഘാടനം 15 നു രാവിലെ 9.30 ന് വാടി പള്ളിയിൽ നടത്തും.
Kerala
ചെങ്ങന്നൂർ: ശബരിമല സ്വർണക്കടത്ത് കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത തന്ത്രി കണ്ഠരര് രാജീവര്ക്കെതിരായ നടപടി സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ജാമ്യം ലഭിച്ച ശേഷം ചെങ്ങന്നൂരിലെ വസതിയിലെത്തി തന്ത്രിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ സർക്കാരിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞതിലുള്ള വിരോധം തീർക്കാനാണ് തന്ത്രിയെ ലക്ഷ്യമിട്ടതെന്ന് എംപി ആരോപിച്ചു. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുന്ന പ്രവണതയാണ് പിണറായി സർക്കാർ തുടരുന്നത്. കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നിരീക്ഷണങ്ങൾ തന്ത്രിക്കെതിരായ ആരോപണങ്ങളുടെ ദുർബലത വ്യക്തമാക്കുന്നതാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്ന തന്റെ ആദ്യകാല സംശയം ശരിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
വിശ്വാസ സമൂഹത്തിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഭിന്നാഭിപ്രായമുള്ളവരെ അടിച്ചമർത്തുന്ന രീതി ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ ഗൂഢാലോചന മൂലമാണ് താൻ അറസ്റ്റിലായതെന്ന് കൂടിക്കാഴ്ചയിൽ തന്ത്രി തന്നോട് പറഞ്ഞതായും നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചതായും എംപി അറിയിച്ചു. വിശ്വാസപരവും സാമൂഹികവുമായ വിഷയങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന സർക്കാർ ശൈലി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണകൂടത്തിന്റെ സമ്മർദം മൂലം നിരപരാധികൾ പോലും നിയമപോരാട്ടം നടത്തേണ്ടി വരുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണ്. തന്ത്രിയുടെ നിയമപോരാട്ടങ്ങൾക്ക് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
Kerala
തിരുവനന്തപുരം: മോദി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയെന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേരളത്തിനായി പുതിയ വികസന പദ്ധതികളോ സംസ്ഥാനത്തിന് സാന്പത്തിക സഹായമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ മുൻനിര നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നായിരുന്നു ബിജെപിയുടെ പഖ്യാപനം. എന്നാൽ ബജറ്റിൽ തിരുവനന്തപുരത്തിന് ഒരു ഗുണവുമില്ല. ഏഴ് അതിവേഗ റെയിൽ കോറിഡോർ പ്രഖ്യാപിച്ചിട്ട് കേരളത്തെ ഉൾപ്പെടുത്തിയില്ല.
കേരളത്തിൽ പുതിയ അതിവേഗ ട്രെയിൻ വരുമെന്ന ബിജെപിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയായി. പിണറായി സർക്കാരും ബിജെപിയും തമ്മിൽ മത്സരിച്ച് അതിവേഗ റെയിൽ പ്രഖ്യാപിച്ച് കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചു. ശബരിപാതയ്ക്കും പരിഗണന കിട്ടിയില്ല.
യുപിഎ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച എയിംസ് ഇനിയും കേരളത്തിലെത്തിയില്ല. സംസ്ഥാന സർക്കാർ സ്ഥലം വരെ മാറ്റിയിട്ടിരിക്കുന്നു. ഓരോ ബജറ്റിലും എയിംസിനായി കാത്തിരിക്കുന്നു. കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം പദ്ധതിക്കും കൂടുതൽ സഹായമില്ല.
കേരളത്തിന്റെ അപൂർവവും അമൂല്യവുമായ ധാതുക്കളായ തോറിയം, യുറേനിയം തുടങ്ങിയ കവർന്നെടുക്കാൻ പലരും കാത്തിരിക്കുന്നുണ്ട്. തീരദേശത്തെ ഇതെങ്ങനെ ബാധിക്കുമെന്ന് പഠിക്കേണ്ടതുണ്ട്. ബജറ്റിനെ തുടർന്ന് ഓഹരി വിപണി കൂപ്പുകുത്തിയതു തന്നെ ബജറ്റിന്റെ അസ്വീകാര്യത സൂചിപ്പിക്കുന്നുവെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: യുഡിഎഫിനെതിരേ നടക്കുന്ന സമരങ്ങൾ സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ താല്പര്യങ്ങളുടെ സംയോജനമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ ബിജെപി നേരിടും. വടകരയിൽ ഷാഫി പറന്പിലിനെ സിപിഎം നേരിടണം എന്ന ധാരണയിലാണ് മുന്നോട്ടുപോകുന്നത്. ഈ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ യുഡിഎഫ് അധികാരത്തിൽ എത്തുന്നതു തടയാമെന്നാണ് സിപിഎം-ബിജെപി നേതൃത്വങ്ങൾ കരുതുന്നത്.
എന്നാൽ, എൽഡിഎഫ് സർക്കാരിനെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങൾ പിണറായി വിജയൻ താഴെയിറങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. ജനപ്രതിനിധികൾ ദൈവപുത്രന്മാരല്ല. സമൂഹത്തിൽനിന്നു വളർന്നു വരുന്ന മനുഷ്യർക്കു സമൂഹത്തിന്റേതായ നന്മതിന്മകളുണ്ടാകും.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ മാതൃകാപരമായ നിലപാടാണ് കോണ്ഗ്രസ് പാർട്ടി കൈക്കൊണ്ടതെന്നും ഷിബു ബേബി ജോണ് പറഞ്ഞു.