ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംവാദത്തിന് ഏത് വേദിയും സമയവും തനിക്ക് സ്വീകാര്യമാണെന്ന് രാഹുൽ വ്യക്തമാക്കി. പ്രധാനമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കാൻ അമിത് ഷാ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷാ ഭയപ്പെടേണ്ടതില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അതേസമയം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യാ സഖ്യം. ദീപാവലി ഇടവേളയ്ക്ക് പിന്നാലെ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകൾ ഉപരോധിക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.
തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി മുതിർന്ന കോൺഗ്രസ് നേതാക്കളെ രാഹുൽ ഗാന്ധി ചായസൽക്കാരത്തിന് ക്ഷണിച്ചിട്ടുണ്ട്. യോഗത്തിൽ സമരത്തിന്റെ തുടർരൂപങ്ങളും പ്രതിഷേധ പരിപാടികളും സംബന്ധിച്ച് ചർച്ച നടക്കുമെന്നാണ് സൂചന.