ന്യൂഡൽഹി: യുപി പിടിച്ചാൽ ഡൽഹി പിടിക്കാം എന്നൊരു ചൊല്ല് ദേശീയ രാഷ്ട്രീയത്തിലുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയ ഗതി നിർണയിക്കുന്നതിൽ ഉത്തർപ്രദേശിനുള്ള നിർണായക സ്വാധീനമാണ് ഈ ചൊല്ല് സൂചിപ്പിക്കുന്നത്. യുപി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ വാക്പോരുമായി നേതാക്കൾ സജീവമായി രംഗത്തെത്തിക്കഴിഞ്ഞു. ഭരണത്തുടർച്ച ലക്ഷ്യമിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി നീക്കങ്ങൾ ശക്തമാക്കുമ്പോൾ, അധികാരം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളുമായി സമാജ്വാദി പാർട്ടിയും കോൺഗ്രസും കളത്തിലിറങ്ങിക്കഴിഞ്ഞു. യോഗി ആദിത്യനാഥും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും തമ്മിലുള്ള നേരിട്ടുള്ള വാക്പോരും പ്രതിപക്ഷ സഖ്യത്തിലെ സീറ്റ് ചർച്ചകളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചിത്രം കൂടുതൽ സങ്കീർണമാക്കുകയാണ്. ഇതിനിടെയാണ് അയോധ്യയിൽനിന്ന് മത്സരിക്കാൻ യോഗി, അഖിലേഷ് യാദവിനെ വെല്ലുവിളിച്ചിരിക്കുന്നത്.
യോഗിയുടെ വെല്ലുവിളി അഖിലേഷ് ഏറ്റെടുക്കുമോ
ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ ചർച്ച അയോധ്യ മണ്ഡലത്തെ ചുറ്റിപ്പറ്റിയാണ്. അയോധ്യയിൽനിന്ന് മത്സരിക്കാൻ അഖിലേഷ് യാദവിന് ധൈര്യമുണ്ടോയെന്ന ചോദ്യവുമായി യോഗി ആദിത്യനാഥ് നേരിട്ടെത്തിയതോടെയാണ് രാഷ്ട്രീയപ്പോര് പുതിയ വഴിത്തിരിവിലെത്തിയത്. അഖിലേഷ് യാദവ് അയോധ്യയിൽനിന്ന് മത്സരിക്കാൻ തയാറായാൽ താനും അവിടെനിന്ന് ജനവിധി തേടാൻ തയാറാണെന്നായിരുന്നു യോഗിയുടെ പ്രഖ്യാപനം. നേരത്തേ അഖിലേഷ് യാദവും യോഗിയെ അയോധ്യയിൽ മത്സരിക്കാൻ വെല്ലുവിളിച്ചിരുന്നു.
നേരിട്ടുള്ള പോരാട്ടത്തിന് ധൈര്യമില്ലാത്തവരാണ് പിന്നിൽനിന്ന് ആക്രമിക്കുന്നതെന്ന പരിഹാസവും യോഗി ഉയർത്തി. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന വിശ്വാസത്തിലാണ് അഖിലേഷ്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലുണ്ടായ ബിജെപിയുടെ പരാജയമാണ് ഈ രാഷ്ട്രീയ ഏറ്റുമുട്ടലിന് കൂടുതൽ പ്രാധാന്യം നൽകുന്നത്. ബിജെപിയുടെ സിറ്റിംഗ് എംപി ലല്ലു സിംഗിനെ പരാജയപ്പെടുത്തി സമാജ്വാദി പാർട്ടിയുടെ അവധേഷ് പ്രസാദ് 54,567 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലം പിടിച്ചെടുത്തത്.
രാമക്ഷേത്ര നിർമാണവും വികസന പ്രവർത്തനങ്ങളും ബിജെപി പ്രധാന പ്രചാരണ വിഷയങ്ങളാക്കിയിട്ടും മണ്ഡലത്തിൽ തിരിച്ചടിയുണ്ടായത് പാർട്ടിക്ക് വലിയ രാഷ്ട്രീയ വെല്ലുവിളിയായിരുന്നു. ഈ പശ്ചാത്തലത്തിൽ അയോധ്യയെ കേന്ദ്രീകരിച്ചുള്ള യോഗിയുടെയും അഖിലേഷിന്റെയും വാക്പോര് കേവലം വ്യക്തിപരമായ വെല്ലുവിളിയല്ല, 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപരീക്ഷണം കൂടിയാണ്.
ദളിത് വിഭാഗത്തിൽനിന്നുള്ള അവധേഷ് പ്രസാദിനെ ജനറൽ സീറ്റിൽ മത്സരിപ്പിച്ചതിലൂടെ ദളിത്, ഒബിസി, മുസ്ലിം വോട്ടുകൾ ഏകീകരിക്കാൻ എസ്പിക്ക് സാധിച്ചുവെന്നാണ് വിലയിരുത്തൽ. അയോധ്യയിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമിയും കടകളും ഏറ്റെടുത്തതിലുള്ള പ്രാദേശിക അതൃപ്തി, നഷ്ടപരിഹാരത്തെക്കുറിച്ചുള്ള പരാതികൾ, ഭരണഘടന മാറ്റുമെന്ന പ്രചാരണം തുടങ്ങിയവയും ബിജെപിയുടെ പരാജയത്തിന് കാരണമായതായി റിപ്പോർട്ടുകളുണ്ട്.