ധാക്ക: ബംഗ്ലദേശിലെ നരായിൽ ജില്ലയിലുണ്ടായ രാഷ്ട്രീയ അക്രമങ്ങളിൽ അവാമി ലീഗ് നേതാക്കളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും മുപ്പതോളം വീടുകൾ അഗ്നിക്കിരയാക്കി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബന്ദർചർ ഗ്രാമത്തിലായിരുന്നു സംഭവം. ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
മുൻ അവാമി ലീഗ് എംപി കബീറുൽ ഹഖ് മുക്തി, കാലിയ മുൻസിപ്പാലിറ്റി മുൻ മേയർ മുഷ്ഫിഖർ റഹ്മാൻ ലിറ്റോൻ എന്നിവരുടെ വസതികൾ ഉൾപ്പെടെയുള്ളവയാണ് തീയിട്ട് നശിപ്പിച്ചത്. പ്രദേശത്തെ നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും അക്രമത്തിൽ കേടുപാടുകൾ സംഭവിച്ചതായി പൊലിസ് വ്യക്തമാക്കി.
ഈ മാസം 18ന് ബിഎൻപി സംഘടിപ്പിച്ച ബൈക്ക് റാലിക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമായാണ് വെള്ളിയാഴ്ചത്തെ ആക്രമണങ്ങൾ അരങ്ങേറിയത്. നരായിലിന് പുറമെ പബ്ന ജില്ലയിലെ ബേര മുനിസിപ്പാലിറ്റിയിലും ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
2024ലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് നിലവിൽ രാജ്യത്ത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. വരുന്ന ഡിസംബറിൽ ഷെയ്ഖ് ഹസീന ബംഗ്ലദേശിലേക്ക് മടങ്ങിയെത്തുമെന്ന പ്രഖ്യാപനം പുറത്തുവന്നതോടെയാണ് രാജ്യത്ത് വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്. തുടർന്നുണ്ടായ വിവിധ അക്രമ സംഭവങ്ങളിൽ ഇതുവരെ നാല് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.