തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ ബിരുദ പ്രവേശനത്തിന് ഇനി മുതൽ പ്ലസ് ടു നിർബന്ധമല്ല. പത്താം ക്ലാസിന് ശേഷം ഐടിഐ, പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്കും സർവകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാമെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
യുജിസിയുടെ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് മാനദണ്ഡമാക്കി ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശിപാർശ പ്രകാരമാണ് ഈ തീരുമാനം. പത്താം ക്ലാസിന് ശേഷം ഐടിഐ പൂർത്തിയാക്കിയവർക്ക് നാല് വർഷ ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. പത്താം ക്ലാസിന് ശേഷമുള്ള മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമയോ, പന്ത്രണ്ടാം ക്ലാസിന് ശേഷമുള്ള രണ്ട് വർഷത്തെ ഡിപ്ലോമയോ നേടിയവർക്ക് ലാറ്ററൽ എൻട്രി വഴി ബിരുദ കോഴ്സുകളുടെ രണ്ടാം വർഷത്തിലേക്കും (മൂന്നാം സെമസ്റ്റർ) പ്രവേശനം നേടാം.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കാനും കൂടുതൽ പേർക്ക് തുടർപഠനത്തിന് അവസരമൊരുക്കാനും ലക്ഷ്യമിടുന്ന ഈ മാറ്റം 2027-28 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിർദേശങ്ങൾ നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ എല്ലാ സർവകലാശാലകൾക്കും പോളിടെക്നിക്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.