കോട്ടയം: പശ്ചിമഘട്ടമലനിരകളിൽനിന്നുൾപ്പെടെ അഞ്ച് പുതിയ അച്ചാരംകൊല്ലി (പോളികാർപ്പിയ) ചെടികളെ കണ്ടെത്തി. ‘ഫൈറ്റോടാക്സ’ എന്ന അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാരിയോഫില്ലേസീ എന്ന സസ്യകുടുംബത്തിലാണ് ഇവ ഉൾപ്പെടുന്നത്. എസ്ബി കോളജ് സ്ഥാപകനായ മാർ തോമസ് കുര്യാളശേരിയുടെ പേരാണ് (പോളികാർപ്പിയ കുര്യാളശേരിയാന) പുതിയ സസ്യങ്ങളിൽ ഒരെണ്ണത്തിന് നൽകിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ കാന്തല്ലൂരിൽനിന്ന് കണ്ടെത്തിയ ഈ ചെടിക്ക് മഞ്ഞ നിറത്തിലുള്ള പൂക്കളാണ്.
കോട്ടയം സിഎംഎസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. എം.സി. ജോണിന്റെ (പോളികാർപ്പിയ ജോണി) പേരാണ് കടും പച്ചനിറത്തിൽ മഞ്ഞ കുത്തുകളുള്ള ചെടിക്ക് നൽകിയിരിക്കുന്നത്. ചേർത്തലയിൽനിന്നാണ് ഈ ചെടി കണ്ടെത്തിയത്.
പാലക്കാട് വിക്ടോറിയ കോളജിലെ സസ്യശാസ്ത്ര അധ്യാപകനും ഗവേഷണ ഗൈഡുമായ ഡോ. വി. സുരേഷിന്റെ (പോളികാർപ്പിയ സുരേഷി) പേരിലാണ് അടുത്ത ചെടി അറിയപ്പെടുക. കൊല്ലങ്കോട്ടുനിന്നാണ് ഈ ചെടി കണ്ടെത്തിയത്. ചുവന്ന പൊട്ടുകളോടുകൂടിയ കാപ്പിപ്പൊടി നിറമാണ് പൂക്കൾക്ക്. മറയൂരിൽനിന്ന് കണ്ടെത്തിയ ചെടിക്ക് ‘പോളികാർപ്പിയ മറയൂരെൻസിസ്’ എന്ന പേരാണ് നൽകിയിരിക്കുന്നത്. ഇതിന് സ്വർണംനിറം കലർന്ന പച്ച പൂക്കളാണുള്ളത്. കാന്തല്ലൂരിൽനിന്ന് കണ്ടെത്തിയ ചെടി ‘പോളികാർപ്പിയ കാന്തല്ലൂരെൻസിസ്’ എന്നാണ് അറിയപ്പെടുക.
വടക്കൻ കേരളത്തിലെ ചെങ്കൽ പാറകളില് കൂടുതലായി കാണപ്പെടുന്ന ഏകവർഷച്ചെടിയാണ് കാട്ടുമൈലോചിനയെന്നും അറിയപ്പെടുന്ന അച്ചാരംകൊല്ലി. ഇന്ത്യയിൽ പന്ത്രണ്ടു തരം പോളികാർപിയ ഉണ്ടെന്നാണ് കണക്ക്. പൂവിന്റെ ഘടന, കായ്കൾ, പൂമ്പൊടി എന്നിവ പരിശോധിച്ചാണ് ഇവ പുതിയ ചെടികളാണെന്ന് സ്ഥിരീകരിച്ചത്. ഓരോ സ്പീഷീസിനും അവയുടെ അടുത്ത ബന്ധുക്കളിൽനിന്ന് വ്യത്യസ്തമായ പ്രത്യേകതകളുണ്ട്.
ചങ്ങനാശേരി എസ്ബി കോളജിലെ സസ്യ ശാസ്ത്ര വിഭാഗത്തിലെ ഡോ. സാൽവി. തോമസ്, ഡോ. ആര്യ സിന്ധു, സ്വതന്ത്ര ഗവേഷകനായ ഡോ. മാനുവൽ തോമസ്, കോട്ടയം സിഎംഎസ് കോളജ് സസ്യ ശാസ്ത്ര വിഭാഗം മേധാവി ഡോ. റോജിമോൻ പി. തോമസ് എന്നിവരടങ്ങിയ സംഘമാണ് പുതിയ ചെടികളെ കണ്ടെത്തിയത്.