ഓക്ലന്‍ഡ്: ജന്മദിനത്തലേന്നു റിക്കാര്‍ഡുകള്‍ കടപുഴകി ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി. ഇന്നലെ നടന്ന ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റില്‍ 143 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരുന്നതിനിടെ കോഹ്ലി 51 പന്തില്‍ 74 റണ്‍സ് അടിച്ചെടുത്തു. ഈ ഇന്നിംഗ്സിലൂടെ മൂന്നു റിക്കാര്‍ഡുകളാണ് കോഹ്ലി കടപുഴകിയത്. ഇന്നാണ് കോഹ്ലിയുടെ 38-ാം ജന്മദിനം.
സച്ചിനെ മറികടന്നു
ഏകദിന ക്രിക്കറ്റില്‍ ചേസിംഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന, ഇന്ത്യന്‍ ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ റിക്കാര്‍ഡും വിരാട് കോഹ്ലി പഴങ്കഥയാക്കി. ചേസിംഗ് ഇന്നിംഗ്സിനിടെ 8720 റണ്‍സ് നേടിയതായിരുന്നു സച്ചിന്റെ പേരിലെ റിക്കാര്‍ഡ്. 232 ഇന്നിംഗ്സില്‍നിന്നായിരുന്നു സച്ചിന്റെ ഈ നേട്ടം. കോഹ്ലി 169-ാം ഇന്നിംഗ്സില്‍ 8741 റണ്‍സ് സ്വന്തമാക്കി റിക്കാര്‍ഡ് തിരുത്തി.
ചേസിംഗില്‍ കോഹ്ലിയുടെ ശരാശരി 66.21 ആണെന്നതും റിക്കാര്‍ഡാണ്. 30 സെഞ്ചുറിയും ചേസിംഗിനിടെ കോഹ്ലി സ്വന്തമാക്കി. ഇന്ത്യയുടെ രോഹിത് ശര്‍മയാണ് ചേസിംഗ് റണ്‍വേട്ടയില്‍ (6801) മൂന്നാം സ്ഥാനത്ത്.
ന്യൂസിലന്‍ഡിന് എതിരേ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റിക്കി പോണ്ടിംഗിന്റെ റിക്കാര്ഡിനൊപ്പവും കോഹ്ലി എത്തി. ഇരുവര്‍ക്കും 1971 റണ്‍സ്.
പോണ്ടിംഗ് 51 മത്സരത്തിലെ 50 ഇന്നിംഗ്സില്‍നിന്നാണ് ഇത്രയും റണ്‍സ് നേടിയത്. കോഹ്ലിയാകട്ടെ, 37-ാം ഇന്നിംഗ്സിലും. സച്ചിന് തെണ്ടുല്‍ക്കറാണ് (1750) ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. പോണ്ടിംഗിന്റെ റിക്കാര്‍ഡ്, ഈ പരമ്പരയില്‍ കോഹ്ലി തിരുത്തുമെന്നുറപ്പാണ്.
മൂന്നാം നമ്പറില്‍ 13k
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി 13,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റര്‍ എന്ന റിക്കാര്‍ഡ് ഇന്നലെ കോഹ്ലി സ്വന്തമാക്കി. മൂന്നാം നമ്പറില്‍ 12,000ല്‍ അധികം റണ്‍സുള്ള രണ്ടു താരങ്ങളില്‍ ഒരാളാണ് കോഹ്ലി എന്നതും ശ്രദ്ധേയം. ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗാണ് (12,622) മൂന്നാം നമ്പറില്‍ 12,000 കടന്ന മറ്റൊരു ബാറ്റര്‍.ശ്രീലങ്കന്‍ മുന്‍ താരം കുമാര്‍ സംഗക്കാരയാണ് മൂന്നാം നമ്പറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതില്‍ മൂന്നാം സ്ഥാനത്ത് (9747).