കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയായ പൊന്നാനി പീഡനക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസെടുക്കാന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടും നടപടി വൈകുന്നതിനാലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് രജിസ്റ്റര്‍ ചെയ്യാത്തത് സമൂഹത്തില്‍ അരാജകത്വത്തിന് വഴിയൊരുക്കുമെന്ന് കോടതി കുറ്റപ്പെടുത്തി.
കേസെടുത്ത് അന്വേഷിക്കണമെന്ന മജിസ്ട്രേറ്റ് കോടതിയിലെ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി, സിഐ വിനോദ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് വിമര്‍ശനം.
2022 ജനുവരിയിലാണ് പൊന്നാനി സ്വദേശിയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. നീതി തേടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴായിരുന്നു ദുരനുഭവം. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ഈ മാസം ഒമ്പതിന് പൊന്നാനി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ പതിനഞ്ചാം തീയതിയായിട്ടും എന്തുകൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസാണെങ്കിലും നടപടിക്രമങ്ങള്‍ പാലിക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.
കൃത്യസമയത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് പോലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്നും ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യന്‍ ആണ് ഹര്‍ജി പരിഗണിച്ചത്. പ്രതികളുടെ ഹര്‍ജി നാളെ ഉച്ചയ്ക്ക് കോടതി വീണ്ടും പരിഗണിക്കും.