മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ ട്രാഫോർഡ് മലയാളി അസോസിയേഷന്റെ (ടിഎംഎ) ഓണാഘോഷമായ "പൊന്നോണം 2026' വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മാഞ്ചസ്റ്റർ ഫോറം സെന്ററിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
രാവിലെ 10ന് കുട്ടികളുടെ മിഠായി പെറുക്കൽ, മുതിർന്നവരുടെയും കുട്ടികളുടെയും കസേരകളി, വടംവലി തുടങ്ങിയ കായികമത്സരങ്ങളോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് നടന്ന ഓണസദ്യയിൽ നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു.
ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലി തമ്പുരാനെ വരവേറ്റ ശേഷമായിരുന്നു സാംസ്കാരിക സമ്മേളനം. കലാപരിപാടികളുടെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് ഡോണി ജോൺ കരോടൻ നിർവഹിച്ചു.
അഡ്വ. റെൻസൺ തുടിയൻപ്ലാക്കൽ സ്വാഗതവും ദീപക് ഡേവിഡ് നന്ദിയും പറഞ്ഞു. തുടർന്ന് അസോസിയേഷനിലെ എൺപതോളം കലാകാരന്മാർ അണിനിരന്ന വെൽക്കം ഡാൻസ് അരങ്ങേറി.
ഡിജിറ്റൽ സ്ക്രീൻ, ലൈറ്റ് & സൗണ്ട് സംവിധാനങ്ങളുടെ മികവിൽ പ്രഫഷണൽ സ്റ്റേജ് ഷോകളെ വെല്ലുന്ന രീതിയിലാണ് നൃത്തം അവതരിപ്പിക്കപ്പെട്ടത്.
തിരുവാതിരകളി, ഭരതനാട്യം, വിവിധ നൃത്തനൃത്യങ്ങൾ, നാടകം, ഒപ്പന, ഓണപ്പാട്ടുകൾ, വള്ളംകളി ദൃശ്യാവിഷ്കാരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സാംസ്കാരിക സന്ധ്യയ്ക്ക് മാറ്റുകൂട്ടി. വിവിധ കായികമത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.
അനീഷ് തോമസ്, സിന്ധു സ്റ്റാൻലി, ജോർജ് തോമസ്, ടിൻസി ഷിജു, ഭാഗ്യലക്ഷ്മി ആദർശ്, മേബിൾ അജിൻ, ഷൈൻ സിജു, ആകാശ് ബിജുമോൻ, അഹീന അനീഷ്, നേഹ ബിജു, ഒലിവിയ സിബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
രാത്രി 10-ഓടെ ആഘോഷങ്ങൾ സമാപിച്ചു.