കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകളിലും പൊതുവിപണിയിലും ഉത്പന്നങ്ങളുടെ അളവിലും തൂക്കത്തിലും വിലയിലും വ്യത്യാസം വരുത്തി കച്ചവടം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്.
പഞ്ചായത്ത്, നഗരസഭാതല ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ പരിശോധനാ ക്യാമ്പില്‍ തത്സമയ സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ പിറവം നഗരസഭാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
തിയേറ്ററുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്കും വെള്ളത്തിനും അമിത വില ഈടാക്കുന്നുവെന്ന പരാതിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊച്ചിയിലെയും മറ്റ് ജില്ലകളിലെയും തിയേറ്ററുകളിലും മാളുകളിലും മിന്നല്‍ പരിശോധന നടക്കുന്നുണ്ട്.
സാധാരണ 60 രൂപയ്ക്ക് വാങ്ങുന്ന പോപ്ക്കോണിന് 350 രൂപ, ഒരു കുപ്പി വെള്ളത്തിനു 90 രൂപ തുടങ്ങിയ മള്‍ട്ടിപ്ലസ് തിയേറ്ററുകളുടെ കൊള്ളയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്. കൊച്ചി എംജി റോഡിലുള്ള മാളിലെ സിനിപോളിസില്‍ നടത്തിയ പരിശോധനയില്‍ 360 ഗ്രാം പോപ്കോണിന് 540 രൂപയാണ് ഈടാക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.