ബുവേനോസ് ആരിസ്: ഉറുഗ്വേയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പതിനാലാമന്‍ മാര്‍പാപ്പ അര്‍ജന്റീനയിലെത്തി. 1987നുശേഷം അര്‍ജന്റീന സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പയാണ് ലെയോ പതിനാലാമന്‍. പ്രസിഡന്റ് ഹാവിയര്‍ മിലെയുടെ വിവാദ സാമ്പത്തിക പരിഷ്കാരങ്ങളും അന്താരാഷ്ട്ര രാഷ്ട്രീയനിലപാടുകളും സംബന്ധിച്ച് വത്തിക്കാനും അര്‍ജന്റീന സര്‍ക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്.
പ്രാദേശിക സമയം ഇന്നലെ വൈകുന്നേരം നാലരയ്ക്ക് തലസ്ഥാനമായ ബുവേനോസ് ആരിസിലെത്തിയ മാര്‍പാപ്പയ്ക്ക് പ്രൗഢോജ്വല സ്വീകരണമാണ് നല്‍കിയത്. ബുധനാഴ്ചവരെ നീളുന്ന സന്ദര്‍ശനത്തിനിടെ രാജ്യത്തെ നാല് പ്രധാന നഗരങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. ജയിലും ഭിന്നശേഷിക്കാര്‍ക്കായുള്ള പരിചരണകേന്ദ്രവും സന്ദര്‍ശനപരിപാടിയിലുണ്ട്.
വിപണി നിയന്ത്രണം, ദാരിദ്ര്യനിര്‍മാര്‍ജനം, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങളില്‍ മാര്‍പാപ്പ നടത്തുന്ന പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കുള്ള പരോക്ഷ വിമര്‍ശനമായി വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യതയുണ്ട്.
ഉറുഗ്വേയിലെ സന്ദര്‍ശനത്തിന്റെ സമാപനദിനത്തില്‍ വടക്കന്‍ ഉറുഗ്വേയിലെ ഫ്ളോറിഡ നഗരത്തിലെത്തിയ മാര്‍പാപ്പ ബസിലിക്കയ്ക്കു മുന്നിലെ പ്ലാസ അസംബ്ലിയയില് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു. 1988ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ സന്ദര്‍ശിച്ചതിനുശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പ ഈ ബസിലിക്കയിൽ എത്തുന്നത്. വിശുദ്ധ കുര്‍ബാനയ്ക്കിടെ നല്കിയ സന്ദേശത്തില്‍ മതേതരവത്കരണത്തിന്റെ സ്വാധീനം ശക്തമായ ആധുനികസമൂഹത്തില്‍ ക്രിസ്തീയ പ്രത്യാശയും സാഹോദര്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ലെയോ മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
ശനിയാഴ്ച പടിഞ്ഞാറന്‍ ഉറുഗ്വേയിലെ അര്‍ജന്റീന അതിര്‍ത്തിനഗരമായ പൈസന്ദുവിലെത്തിയ മാര്‍പാപ്പ പരിശുദ്ധ ജപമാല രാജ്ഞി ആന്‍ഡ് സെന്റ് ബെനഡിക്ട് ഓഫ് പലേര്‍മോ ബസിലിക്കയില്‍ പ്രാര്‍ഥിക്കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു.
തലസ്ഥാനമായ മോണ്ടെവിഡിയോയിലെ കാത്തലിക് സര്‍വകലാശാലയില്‍ വിദ്യാഭ്യാസ സമൂഹത്തെ അഭിസംബോധന ചെയ്തപ്പോഴും മനുഷ്യാന്തസിനും തുല്യതയ്ക്കും അദ്ദേഹം ഊന്നല്‍ നല്കി. നഗരത്തിന് സമീപമുള്ള കസാവല്ലെയില് പിന്നാക്ക ജനവിഭാഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലും ദാരിദ്ര്യത്തിനും സാമൂഹിക അസമത്വത്തിനുമെതിരേ മാര്‍പാപ്പ ശക്തമായ നിലപാടെടുത്തു.