റോം: കസ്തേൽ ഗണ്ടോൾഫോയിലെ വേനൽക്കാല വസതിക്കു സമീപമുള്ള അൽബാനോ തടാകത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ മരിയൻ പ്രദക്ഷിണത്തിലും വിശുദ്ധ കുർബാനയിലും പങ്കുചേർന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
യുദ്ധങ്ങളും ദുരന്തങ്ങളും മൂലം മുറിവേറ്റ കുട്ടികളെയും ലോകസമാധാനത്തെയും പരിശുദ്ധ കന്യകമറിയത്തിന്റെ സംരക്ഷണത്തിനായി മാർപാപ്പ സമർപ്പിച്ചു. അൽബാനോ തടാകത്തിൽ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് വള്ളത്തിൽ നടന്ന പ്രദക്ഷിണത്തിന് ചരിത്രത്തിലാദ്യമായാണ് ഒരു മാർപാപ്പ മുഖ്യകാർമികത്വം വഹിക്കുന്നത്.
വിശുദ്ധ പോൾ ആറാമൻ മാർപാപ്പ ആശീർവദിച്ച ‘മരിയ സാന്തിസിമ ദെൽ ലാഗോ’ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷമാണ് മാർപാപ്പയുടെ നേതൃത്വത്തിൽ പ്രദക്ഷിണം നടന്നത്. മാർപാപ്പ സഞ്ചരിച്ച മഞ്ഞ, വെള്ള പൂക്കളാൽ അലങ്കരിച്ച ‘ഫാൽക്കോ’ എന്ന ബോട്ടിലാണ് മാതാവിന്റെ തിരുസ്വരൂപം സംവഹിച്ചത്. പത്തോളം ചെറുബോട്ടുകളും കയാക്കിംഗ് താരങ്ങളായ യുവാക്കളുടെ തുഴച്ചിൽ വള്ളങ്ങളും സുരക്ഷാസേനയുടെ ബോട്ടുകളും മാർപാപ്പയെ അനുഗമിച്ചു.
വിശുദ്ധ പോൾ ആറാമനും വിശുദ്ധ ജോൺ പോൾ രണ്ടാമനും ഈ പള്ളി സന്ദർശിച്ചിട്ടുണ്ടെങ്കിലും തടാകത്തിലൂടെയുള്ള പ്രദക്ഷിണത്തിൽ പങ്കെടുത്തിരുന്നില്ല.
ഈ സന്ദർശനം ദൈവസൃഷ്ടിയായ പ്രകൃതിയോടുള്ള മാർപാപ്പയുടെ വലിയ ആദരവായാണു കാണുന്നതെന്നും പ്രകൃതിരമണീയമായ അൽബാനോ തടാകവും പരിസരവും സംരക്ഷിക്കപ്പെടണമെന്ന സന്ദേശമാണ് ഈ യാത്രയിലൂടെ മാർപാപ്പ നൽകുന്നതെന്നും ഇടവക വികാരി ഫാ. ഡോൺ തദേവൂസ് പറഞ്ഞു.
തടാകതീരത്തു നടത്തിയ പ്രാർഥനയിൽ യുദ്ധങ്ങളിൽ മുറിവേറ്റ കുട്ടികളെ മാതാവിന്റെ സ്നേഹമസൃണമായ സംരക്ഷണത്തിലേക്ക് ഭരമേൽപ്പിക്കുന്നതായി മാർപാപ്പ പറഞ്ഞു. “എല്ലാവരിലും സമാധാനത്തിനായുള്ള ആഗ്രഹം വളർത്താൻ മാതാവ് ഇടയാക്കട്ടെ. വെറുപ്പ് വളരുന്നിടത്ത് ക്ഷമിക്കാനും ഭയം നിറയുന്നിടത്ത് പ്രത്യാശ വീണ്ടെടുക്കാനും ഞങ്ങളെ പഠിപ്പിക്കണമേ”- മാർപാപ്പ പ്രാർഥിച്ചു. കുഞ്ഞുങ്ങൾ, വയോധികർ, രോഗികൾ, ഏകാന്തത അനുഭവിക്കുന്നവർ എന്നിവർക്കായും നീതിയും മനുഷ്യന്റെ അന്തസും ഉറപ്പാക്കാൻ ഭരണാധികാരികൾക്ക് കരുത്ത് ലഭിക്കുന്നതിനായും മാർപാപ്പ പ്രാർഥിച്ചു.