വത്തിക്കാൻ സിറ്റി: ലോക ദരിദ്രദിനത്തോടനുബന്ധിച്ച് വത്തിക്കാനിൽ നടന്ന പ്രത്യേക വിരുന്നിൽ 1,300ഓളം നിരാലംബർക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ടു ലെയോ പതിനാലാമൻ മാർപാപ്പ.
പത്താമത് ലോക ദരിദ്രദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലാണു സ്നേഹവിരുന്ന് സംഘടിപ്പിച്ചത്.
ത്രികാലജപ പ്രാർഥനയ്ക്കുശേഷമാണ് വിരുന്ന് നടന്നത്. റിക്കോട്ട ചീസും ചീരയും ചേർത്ത കാനലോണി, ഗ്രീൻപീസ് ചേർത്ത ബീഫ് സ്റ്റ്യൂ, മധുരപലഹാരങ്ങൾ എന്നിവയടങ്ങുന്ന പരമ്പരാഗത ഇറ്റാലിയൻ വിഭവങ്ങളാണ് അതിഥികൾക്കായി ഒരുക്കിയിരുന്നത്.
റോമിലെ ഇരുപതിലധികം ജീവകാരുണ്യ സംഘടനകൾ, ഇടവകകൾ, വിവിധ സന്നദ്ധസംഘടനകൾ എന്നിവയുടെ കീഴിലുള്ളവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇറ്റാലിയൻ റെഡ് ക്രോസ് വോളന്റിയർമാരാണു ഭക്ഷണം തയാറാക്കിയതും മേശകളിൽ വിളമ്പിയതും. 2017 മുതൽ വത്തിക്കാനിൽ തുടർന്നുവരുന്ന ഈ വാർഷിക ചടങ്ങ്, മാർപാപ്പയുടെ ലാറ്റിനമേരിക്കൻ സന്ദർശനം കാരണം ഒരാഴ്ചത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.
വത്തിക്കാനിലെ ചടങ്ങിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് റോമിലുടനീളമുള്ള സൗജന്യ ഭക്ഷണശാലകളിലും ഇന്നലെ പ്രത്യേക വിരുന്നുകൾ സംഘടിപ്പിച്ചിരുന്നു.