തൊടുപുഴ: എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. തൊടുപുഴ കുമ്മംകല്ല് ഓലിക്കല്‍ ആഷിക് സഹീര്‍( 23), ഇടവെട്ടി ചീങ്കല്ലേല്‍ അര്‍ഷിദ് ജബ്ബാര്‍(33), വെങ്ങല്ലൂര്‍ കണിപറമ്പില്‍ നിഹാല്‍ ഷെഫീഖ്(22) ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് ഭാരവാഹിയുമായിരുന്ന വെങ്ങല്ലൂര്‍ തേക്കുംകാട്ടിൽ ടി.എസ്.ഷിയാസ് (ഷിയാമണി- 35) എന്നിവരാണ് പിടിയിലായത്. ഡിവൈഎഫ്ഐ നടത്തിയ ലഹരിവിരുദ്ധ സമരം മുന്നില്‍നിന്നു നയിച്ചയാളാണ് ഷിയാസ്.
തൊടുപുഴ ഇടവെട്ടി ജംഗ്ഷനില്‍ കനാല്‍ പാലം ഭാഗത്ത്വച്ചാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോ, കാര്‍ എന്നിവയില്‍ നിന്നും 18.18 ഗ്രാം എംഡിഎംഎയും10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 4070 രൂപയും പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി ഡോ.എ.നസീം പറഞ്ഞു. പോലീസ് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികളിലൊരാളായ നിഹാല്‍ പെപ്പര്‍ സ്പ്രേ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ ബലപ്രയോഗത്തിലൂടെയാണ് ഇവരെ കീഴടക്കിയത്.
പ്രതിയായ നിഹാല്‍ 43 ഗ്രാം എംഡിഎംഎയുമായി നേരത്തെയും ലഹരിക്കേസില്‍ പിടിയിലായിട്ടുണ്ട്. അര്‍ഷിദിന്റെ പക്കല്‍നിന്നും കഴിഞ്ഞ പത്തിന് 0.2 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. കൂടുതല്‍ അളവ് ലഹരിവസ്തു കൈവശമുണ്ടായിരുന്നെങ്കിലും ഇത് വാഷ്ബേസിന് വഴി ഒഴുക്കിക്കളയുകയായിരുന്നു. ഈ കേസില്‍ പ്രതിക്ക് സ്റ്റേഷനില്‍നിന്നു ജാമ്യം ലഭിച്ചിരുന്നു.
പിടിയിലായ ടി.എസ്. ഷിയാസ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ലഹരിമാഫിയയുമായി ബന്ധമുള്ളതിന്റെ പേരില്‍ ഇയാള്‍ക്കെതിരേ നേരത്തേ നടപടിയെടുത്തിരുന്നു. പിന്നീട് തിരിച്ചെടുത്തതിനു ശേഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മേഖലയില്‍ ലഹരിക്കച്ചവടം നടത്തുന്ന റാക്കറ്റിന്റെ ഭാഗമാണ് പ്രതികളെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ലഹരിക്കടത്തിന് രാഷ്ട്രീയ ബന്ധം മറയാക്കിയിട്ടുണ്ടോയെന്നും ലഹരിയുടെ ഉറവിടത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പി സജി മര്‍ക്കോസിന്റെ നിര്‍ദേശാനുസരണം സിഐ സിജോ വര്‍ഗീസ്, എസ്ഐ തൃദീപ് കുമാര്‍, എഎസ്ഐ ദിവ്യാനന്ദ്, എസ്സിപിഒ അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
എന്നാല്‍ ടി.എസ്. ഷിയാസ് നിലവില്‍ ഡിവൈഎഫ്ഐ ഭാരവാഹിയല്ലെന്നും ലഹരിക്കച്ചവടത്തില്‍ ഉള്‍പ്പെട്ട ഇയാളെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കിയതായും ഡിവൈഎഫ്ഐ തൊടുപുഴ ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.