Kerala
ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയിലെ പോസ്റ്ററിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചിത്രവും ഉൾപ്പെടുത്തി പുതിയ പോസ്റ്റർ തയാക്കി സംഘാടകർ. പ്രൂഫ് നോക്കാൻ കൊടുത്ത നോട്ടീസ് പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് കൾച്ചറൽ കമ്മിറ്റി വിശദീകരിച്ചു.
പോസ്റ്റർ തയാക്കിയതിൽ നോട്ടക്കുറവ് ഉണ്ടായെന്നും പ്രതിഷേധം ഇല്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയും പ്രതികരിച്ചു. നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുക്കുമെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.
പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന പ്രചാരണങ്ങൾ കൊടിക്കുന്നിൽ സുരേഷ് തള്ളി. തനിക്ക് പ്രതിഷേധം ഇല്ല. പോസ്റ്റർ അച്ചടിച്ചവരുടെ ഭാഗത്തുണ്ടായ ജാഗ്രതക്കുറവായി മാത്രം കാണുന്നുവെന്നും എംപി പറഞ്ഞു.
Movies
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമിച്ച് രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.
വിഷ്ണു രാമചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ഇൻവസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഒരുങ്ങുന്നത്. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടർന്നുണ്ടാകുന്ന ആത്മസംഘർഷങ്ങളും തുടർന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.
ഗുഡ്ഫെല്ലാസ് റിലീസും റോവാൻ എന്റർടൈൻമെന്റ്സും ചേർന്നാണ് സെപ്റ്റംബറിൽ ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.
സി.ഐ. ആന്റോ ഈപ്പൻ എന്ന കേന്ദ്രകഥാപാത്രമായി സൈജു കുറുപ്പ് എത്തുന്ന ചിത്രത്തിൽ അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിനാവള്ളി എന്ന ചിത്രത്തിന്റെ രചന നിർവഹിച്ച വിഷ്ണു രാമചന്ദ്രനാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദർ, എഡിറ്റിംഗ് വി. സാജൻ, സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണൻ എന്നിവരാണ് നിർവഹിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങൾക്ക് കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവർ വരികൾ ഒരുക്കുന്നു. ഹരി ചരൺ, സിതാര കൃഷ്ണകുമാർ, സായനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ. അശ്വിൻ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.
ഉദ്വേഗജനകമായ അന്വേഷണവും ശക്തമായ വൈകാരിക മുഹൂർത്തങ്ങളും സസ്പെൻസ് നിറഞ്ഞ കഥപറച്ചിലും ഒത്തുചേരുന്ന ആരം മലയാളത്തിൽ വേറിട്ടൊരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള. കോസ്റ്റ്യൂം ഡിസൈനർ: സുജിത് മട്ടന്നൂർ. മേക്കപ്പ്: കിരൺ, മനോജ്. പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായൺ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ. സ്റ്റണ്ട് ഡയറക്ടർ: റോബിൻ ടോം. ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോ പോൾ. കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസ് സിറ്റി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്. സ്റ്റിൽസ്: സിബി ചീരൻ. പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ. ഡിജിറ്റൽ മാർക്കറ്റിംഗ് : ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് : ബ്രിങ്ഫോർത്ത്, പിആർഒ-വാഴൂർ ജോസ്
Movies
നിറം മങ്ങിയ ജീവിതത്തില് രണ്ടു പെണ്മക്കളെ പട്ടിണിക്കിടാതിരിക്കാനായി ശ്മശാനത്തിലെ കാവല്ക്കാരിയായി മാറിയ കാക്കനാട് അത്താണി മുല്ലപ്പറമ്പ് സെലീന മൈക്കിളിന്റെ കഥ പറയുകയാണ് പയസ് സ്കറിയ പൊട്ടംകുളം.
പ്രയാണ എന്നു പേരിട്ടിരിക്കുന്ന ഈ ഡോക്യുമെന്ററിയില്, ഏറെപ്പേരും ചെയ്യാന് മടിക്കുന്ന ഈ ജോലി കഴിഞ്ഞ 19 വര്ഷമായി ചെയ്യുന്ന സെലീനയുടെ പച്ചയായ ജീവിതയാഥാര്ഥ്യങ്ങളാണ് തുറന്നു കാണിക്കുന്നത്.
ഭാരതപ്പുഴയുടെ തീരത്തെ ഐവര്മഠത്തില് അഞ്ചു ലക്ഷത്തിലധികം മൃതദേഹങ്ങള് ദഹിപ്പിക്കുന്നതിന് കാര്മികനായ രമേഷ് കോരപ്പത്തില്നിന്ന് തുടങ്ങി തൃക്കാക്കര മുനിസിപ്പല് ശ്മശാനത്തില് ഏഴായിരത്തിലധികം മൃതദേഹങ്ങള് ദഹിപ്പിച്ച 62കാരി സെലീന മൈക്കിളിന്റെ കഥയിലേക്ക് എത്തുമ്പോള് മരണവും ശ്മശാനവും കത്തിയമരുന്ന ചിതയുമൊന്നും അവരുടെ മുഖത്ത് ഭാവമാറ്റം വരുത്തുന്നില്ലെന്ന യാഥാര്ഥ്യം പ്രേക്ഷകര് തിരിച്ചറിയുന്നു.
ഛായാഗ്രഹണം, എഡിറ്റിംഗ് സന്തോഷ് അനിമ, സംഗീതം ജെയ്ക്സ് ബിജോയി. 2016ല് തപാലിന്റെ കഥ പറഞ്ഞ ചെമന്നപെട്ടി എന്ന ഡോക്യുമെന്ററിക്ക് പയസ് സ്കറിയയ്ക്ക് ദേശീയ രാജ്യാന്തര പുരസ്കാരങ്ങള് ലഭിച്ചിരുന്നു.
Movies
അനസ് സൈനുദ്ദീൻ, തീർഥ ഹരിദേവ്, ജെസൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന കരിമ്പടം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു.
സുനിൽ സി.പി, വിവേകാനന്ദൻ, ഉണ്ണികൃഷ്ണൻ കല ആയൂർ, അജയൻ അഞ്ചൽ, ശരിക സ്റ്റാലിൻ, ജീവൻ നവോദയ, സനോജ് നടയിൽ, ജിബിൻ ജോയ്, അനീഷ് വി. ശിവദാസ്, ഷിബിന അമീർജാൻ, അമ്മവീട്ടിൽ രാജേഷ്, ബിന്ദു ചന്ദ്ര, സാവിത്രി ചേത്തല്ലൂർ, രതീഷ് മീനക്കൽ, ശ്രീകുമാർ മാടവൂർ, സജീന കൊല്ലം, രമ്യ മനോജ്, അഡ്വ. അനിൽകുമാർ, സാബു തിരുമല, റിജാസ് കൊല്ലം, ആർ.കെ. രാജ,അബ്ദുൾ ഖാദർ, ബിനു ബി. ചന്ദ്രൻ, ഗോപകുമാർ അടൂർ, ശ്രീലക്ഷ്മി, കാശിനാഥ് ചന്ദ്രൻ. ആർ, എൻ.കെ. ആർ. മൗലി, സിദ്ധാൻ, ആനന്ദു തേവന്നൂർ, സന്തോഷ് കൊട്ടുക്കൽ, ദിലീപ് ആയൂർ, രശ്മി ഹരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിരവധി ദേശീയ-അന്തർദേശീയ അവാർഡുകൾ നേടിയ ഈ ചിത്രത്തിന്റെ കഥ തിരക്കഥ, സംഭാഷണം അനസ് സൈനുദീൻ എഴുതുന്നു. ശ്രീജിത്ത് മനോഹരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അനസ് സൈനുദീൻ, ആര്യ അമ്പാട്ട് എന്നിവർ എഴുതിയ വരികൾക്ക് അനസ് സൈനുദീൻ, നിഖിൽ മാധവ് എന്നിവർ സംഗീതം പകരുന്നു.
കല ആൻഡ്മേക്കപ്പ്-ഉണ്ണികൃഷ്ണൻ കല, വസ്ത്രാലങ്കാരം-ജേഷ്മ ഷിനോജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അൽ അമീൻ ഷാജഹാൻ, എഡിറ്റർ-സൂരജ് പ്രഭ, സ്പെഷ്യൽ കട്ട്സ്-ഷിഫാസ് പള്ളിക്കൽ,
ബിജിഎം-ശ്രാവൺ കലൈ, സൗണ്ട് ഡിസൈൻ-കരുണ് പ്രസാദ്, നവാസ് മജീദ്,കളറിസ്റ്റ്-സുരേഷ് സി, സൗണ്ട് മിക്സ്-രാജേഷ്, പബ്ലിസിറ്റി ഡിസൈൻ-ആരോമൽ ചന്ദ്രൻ, സബ്ടൈറ്റിൽസ്-ഗീതാഞ്ജലി ഹരികുമാർ, ഫെസ്റ്റിവൽ ക്യൂറേഷൻ ആൻഡ് സർട്ടിഫിക്കേഷൻ സപ്പോർട്ട്- ഹരി ഗീത സദാശിവൻ, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ-ഗോവിന്ദ് പ്രഭാകർ, വിഎഫ്എക്സ്-അജയ് ക്രൂസ്, പിആർഒ-എ.എസ്. ദിനേശ്.
Kerala
വയനാട്: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ടി.സിദ്ദിഖ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. അതേസമയം പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് ഹൈക്കമാൻഡിന്റെ പ്രാഥമിക വിലയിരുത്തൽ. കെ.സി.വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരൻ ആണെന്നും പോസ്റ്ററിൽ വിമർശനമുണ്ടായിരുന്നു.
രാഹുലിന്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ല. വയനാടിനെ രാഹുൽ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂവെന്നും ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഗാന്ധി കുടുംബത്തിലെ പ്രമുഖർക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് കനത്ത തോൽവിക്കു പിന്നാലെ കണ്ണൂർ സിപിഎമ്മിൽ പോര് രൂക്ഷം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനുമെതിരെ കണ്ണൂരിൽ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
മോറാഴ സഖാക്കളെന്ന പേരിലാണ് ധർമ്മശാലയിലും ആന്തൂരിലും പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പാർട്ടി സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക എന്നതാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. എം.വി. ഗോവിന്ദന്റെയും കെ.കെ.രാഗേഷിന്റെയും പേരെടുത്ത് പറഞ്ഞാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
പയ്യന്നൂരിലെ ഫണ്ട് വിവാദവും തുടർന്നുണ്ടായ അച്ചടക്ക നടപടികളും പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നതായി സൂചനയുണ്ട്. ഇതിന്റെ തുടർച്ചയായാണ് മോറാഴ സഖാക്കൾ എന്ന പേരിൽ പുതിയ പ്രതിഷേധം ഉയരുന്നത്.
പയ്യന്നൂരിലെ പ്രമുഖ നേതാവ് വി.കുഞ്ഞികൃഷ്ണനെതിരെയുള്ള അച്ചടക്ക നടപടിയും കെ.കെ.രാഗേഷിന്റെ നിലപാടുകളുമാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പാർട്ടി പ്രവർത്തകർ സ്ഥലത്തെത്തുകയും പോസ്റ്ററുകൾ കീറിക്കളയുകയും ചെയ്തു.
Kerala
ഇടുക്കി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ തൊടുപുഴയിൽ പോസ്റ്റർ. മുഖ്യമന്ത്രിയാകാമെന്ന് വ്യാമോഹിക്കേണ്ടെന്ന് പോസ്റ്ററിൽ പറയുന്നു. തൊടുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സതീശനെ നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിക്കുന്ന ഫ്ലക്സ് മൂവാറ്റുപുഴയില് ഉയര്ന്നിരുന്നു. ഇതിനു പിന്നാലെയാണ് തൊടുപുഴയില് സതീശനെതിരെ പോസ്റ്റര് പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം കെ.സി.വേണുഗോപാലിനായി മുൻ യൂത്ത് കോൺഗ്രസ് നേതാവ് കളഭം കൊണ്ട് തുലാഭാരം നേർന്നിരുന്നു. അതേസമയം കോണ്ഗ്രസിലെ മുഖ്യമന്ത്രി ചര്ച്ചകള് പരിധി വിട്ടുവെന്ന വിലയിരുത്തലിനെ തുടര്ന്ന് സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള് കര്ശനമായി നിയന്ത്രിക്കാന് കെപിസിസിക്ക് ഹൈക്കമാന്ഡ് നിര്ദേശം നല്കിയിരുന്നു.
Kerala
കൊച്ചി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ കൊച്ചി നഗരത്തിൽ വി.ഡി.സതീശനെതിരെ ഫ്ലക്സ്. ഡിസിസി ഓഫീസിന്റെ സമീപത്തായിട്ടാണ് രമേശ് ചെന്നിത്തലയെ അനുകൂലിച്ച് ഫ്ലക്സ് ഉയര്ത്തിയത്.
കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ്. പിആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്ന് ഫ്ലക്സ് ബോർഡിൽ പറയുന്നു.
സതീശന് അനുകൂലമായി ലീഗിനുള്ളിൽ അഭിപ്രായം ഉയര്ന്നതായി വാര്ത്ത വന്നതിനു പിന്നാലെയാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Kerala
മലപ്പുറം: മന്തിയുടെ ചിത്രം വെച്ച് വിഷു ആശംസ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മലപ്പുറത്ത് പ്രവർത്തിക്കുന്ന മജ്ലിസ്, റയ്ദാൻ എന്നീ ഹോട്ടലുകളുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോം വഴിയാണ് പോസ്റ്റർ പ്രചരിപ്പിച്ചത്.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിത 192 പ്രകാരം കോട്ടക്കൽ പോലീസാണ് കേസെടുത്തത്. നേരത്തെ ആലപ്പുഴയിലും സമാനമായ രീതിയിലുള്ള വിഷു ആശംസ പോസ്റ്റര് പ്രചരിച്ചിരുന്നു. മന്തി റെസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയതിന് പോലീസ് കേസ് എടുത്തിരുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴയിലെ അഭിഭാഷകനാണ് പരാതി നൽകിയത്. സംഭവത്തിൽ ചേർത്തലയിലെ മെഹർ മന്തി റെസ്റ്റോറന്റ് ഉടമ അർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Movies
ചേർത്തലയിലെ ഒരു ഹോട്ടൽ വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ വിവാദ പോസ്റ്ററിനെതിരെ രൂക്ഷ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ.
ശ്രീകൃഷ്ണൻ കുഴിമന്തി കഴിക്കുന്ന രീതിയിൽ ചിത്രീകരിച്ച പോസ്റ്ററിനെതിരെയാണ് താരം രംഗത്തെത്തിയത്.
‘‘എന്തിനും ഏതിനും ഒരു പരിധിയുണ്ട്! ദയവായി വിശ്വാസികളുടെ വികാരങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ. ഇത് കണ്ടിട്ട് തികഞ്ഞ വെറുപ്പ് തോന്നുന്നു’’ ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച കുറിപ്പുകൾ ഇതിനോടകം വലിയ ചർച്ചയായി.
ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ, ‘എനിക്കതൊരു വിഷു പോസ്റ്ററായിട്ടേ തോന്നിയിരുന്നുള്ളൂ. പക്ഷേ ഇത് ഇത്ര വലിയ പ്രശ്നമാക്കുന്നത് കണ്ടപ്പോഴാണ് ഇങ്ങനെയൊക്കെ പ്രതികരിക്കാൻ എനിക്ക് തോന്നിയത്’ എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തിരുന്നു. ഇതിനും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കൃത്യമായ മറുപടിയും താരം നൽകി.
‘‘ഇങ്ങനെയുള്ള അസംബന്ധങ്ങൾ ഞാൻ സഹിക്കാത്തതിന് ഒരൊറ്റ കാരണമേയുള്ളൂ; ഓരോ തവണ നമ്മൾ നിശബ്ദരായിരിക്കുമ്പോഴും ഇത്തരം നിന്ദ്യമായ പ്രവർത്തികൾ സാധാരണമായ ഒന്നായി മാറുകയാണ് ചെയ്യുന്നത്.
ഇതിനെയൊക്കെ ലാഘവത്തോടെ കാണാൻ എന്നെ ഉപദേശിക്കുന്നവരോട് മാറി നിൽക്കാൻ ഞാൻ അഭ്യർഥിക്കുന്നു. സ്വന്തം വിശ്വാസങ്ങളെ പരിഹസിക്കുമ്പോൾ അത് ചിരിച്ചുതള്ളാൻ ഞാൻ നിങ്ങളുടെ ആ പഴയ സിനിമാക്കാരനല്ല.
മറ്റുള്ളവരുടെ മതപരമായ വികാരങ്ങളെ ഞാൻ ബഹുമാനിക്കുന്നത് പോലെ എന്റെ വികാരങ്ങളെ ബഹുമാനിക്കാൻ നിങ്ങളും ബാധ്യസ്ഥരാണ്.
എല്ലാ അർഥത്തിലും മതേതരത്വം പാലിക്കുക. ചെയ്യരുത് എന്ന് പറഞ്ഞാൽ ചെയ്യരുത്, അതിന് വിശദീകരണങ്ങളുടെ ആവശ്യമില്ല. ഇതിനെ ഒരു വിഷു പോസ്റ്ററായി കാണാൻ എനിക്ക് സാധിക്കുന്നില്ല.’’ ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
മറ്റുള്ളവരുടെ മതപരമായ വികാരങ്ങളെ താൻ ബഹുമാനിക്കുന്നത് പോലെ തന്റെ വികാരങ്ങളെ ബഹുമാനിക്കാൻ മറ്റുള്ളവരും ബാധ്യസ്ഥരാണെന്ന് താരം ഓർമിപ്പിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ചേർത്തലയിലെ ഹോട്ടൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്റർ ഡിസൈൻ ചെയ്ത വ്യക്തിയുടെ അറിവില്ലായ്മയാണ് ഇതിന് പിന്നിലെന്ന് ഹോട്ടൽ മാനേജ്മെന്റ് വിശദീകരിച്ചിരുന്നെങ്കിലും കാര്യമുണ്ടായില്ല.
Kerala
ബേപ്പൂർ: എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് റിയാസിന്റെ പ്രചരണ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചു. മാറാട് കൈതവളപ്പുള്ള പോസ്റ്ററിലാണ് കരി ഓയൽ ഒഴിച്ച നിലയിൽ കാണപ്പെട്ടത്.
അതേസമയം മുഹമ്മദ് റിയാസിനുള്ള ജനപിന്തുണ കണ്ട് വിറളിപൂണ്ടവർ ചെയ്തതാണിതെന്ന് എൽഡിഎഫ് ആരോപിച്ചു.
ബേപ്പൂരിൽ യുഡിഎഫിനായി പി.വി. അൻവറും എൻഡിഎയ്ക്കായി കെ.പി. പ്രകാശ് ബാബുവും ആണ് മത്സരരംഗത്തുള്ളത്.
District News
പത്തനംതിട്ട: എംസിവൈഎം പത്തനംതിട്ട ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹീത്തോസ് യുവജന സംഗമത്തിന്റെ ഔദ്യോഗിക പോസ്റ്റർ മലങ്കര സുറിയാനി കത്തോലിക്കാ സഭ യുവജന കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.യൂഹാനോൻ മാർ അലക്സിയോസ് ഭദ്രാസന പ്രസിഡന്റ് സാം കോശിക്ക് നൽകി പ്രകാശനം ചെയ്തു.
ഭദ്രാസന ഡയറക്ടർ ഫാ.ജോർജ് വർഗീസ് പുതുപ്പറമ്പിൽ കോന്നി വൈദിക ജില്ലാ ഡയറക്ടർ ഫാ. വർഗീസ് തയ്യിൽ പൂങ്കാവ് യൂണിറ്റ് ഡയറക്ടർ ഫാ. ഡോ.സിജോ ജയിംസ് ചരിവുപറമ്പിൽ, ആനിമേറ്റർ സിസ്റ്റർ ജോവാൻ എസ്ഐസി എന്നിവർ പ്രസംഗിച്ചു.
Kerala
തൃശൂർ: മണലൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ടി.എൻ. പ്രതാപനെതിരെ പോസ്റ്ററുകൾ ഒട്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ ഒട്ടിച്ചവരാണ് പിടിയിലായത്. പ്രതാപന്റെയും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെയും പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പോസ്റ്റർ ഒട്ടിച്ചവരെ പിടികൂടിയത്.
മാർച്ച് 10 നാണ് പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രസ് ക്ലബിന് മുൻപിലും മുരളീമന്ദിരത്തിന് മുൻപിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്ററുകൾ ഒട്ടിച്ചവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഒറ്റപ്പാലത്തെ ഒരു പരസ്യ കമ്പനി ജീവനക്കാരായ വി.ബി. ജിബിൻ, യദു കൃഷ്ണ, ശാന്തിമൂർത്തി എന്നിവരാണ് പിടിയിലായത്.
തമിഴ്നാട് സ്വദേശിയാണ് ശാന്തിമൂർത്തി. വി.ബി. ജിബിൻ, യദുകൃഷ്ണ എന്നിവർ തൃശൂർ സ്വദേശികളാണ്. ആർക്ക് വേണ്ടിയാണ് പരസ്യ കമ്പനിക്കാർ പോസ്റ്റർ ഒട്ടിച്ചത് എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതാപനെതിരെ രാഷ്ട്രീയ പരാമർശങ്ങൾ അടങ്ങുന്നതായിരുന്നു പോസ്റ്ററുകൾ.
ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ് പ്രതാപന് മാപ്പില്ല, പത്മജയെ തോൽപ്പിച്ചു അവസാനം പാർട്ടിയിൽ നിന്ന് പുറത്തെത്തിച്ചു, മുരളിയെ കൂടെ നിന്ന് കുഴികുത്തി മൂടി, ലീഡറുടെ തൃശൂരിലെ കോൺഗ്രസിന്റെ കാലനാണ് പ്രതാപൻ, ലീഡറുടെ കുടുംബത്തോട് ടി.എൻ. പ്രതാപന് എന്തിനാണ് പക എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്.
National
കണ്ണൂര്: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് മുന്നറിയിപ്പുമായി കെ. സുധാകരന് അനുകൂലികളുടെ പോസ്റ്റർ. സണ്ണി ജോസഫിന്റെ ബോര്ഡിന് മുകളിലാണ് പോസ്റ്റർ ഒട്ടിച്ചത്.
"നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണി… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്' എന്നാണ് പോസ്റ്ററില് പറയുന്നത്. പേരാവൂര് മണ്ഡലത്തിലെ അയ്യന്കുന്നിലാണ് പോസ്റ്റര് പതിച്ചത്'. കെ.എസ്. ബ്രിഗേഡിന്റെ പേരിലാണ് താക്കീത്.
അതേസമയം, ചൊവ്വാഴ്ച രാത്രി കണ്ണൂര് ഡിസിസി പരിസരത്തേക്ക് കെ. സുധാകരന് അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്' തുടങ്ങിയ മുദ്രാവാക്യങ്ങള് വിളിച്ചുകൊണ്ടായിരുന്നു സുധാകരന് അനുകൂലികളുടെ പ്രകടനം.
Kerala
കൊച്ചി: പറവൂരില് കെ. സുധാകരന് അനുകൂലമായി പോസ്റ്റര് പ്രത്യക്ഷപ്പെട്ട സംഭവത്തില് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ആ പോസ്റ്റര് സിപിഎമ്മുകാര് കൊണ്ടുവച്ചതാകും എന്നാണ് സതീശന് പറയുന്നത്. കെ സുധാകരന് പറവൂരിലാണോ സീറ്റ് ചോദിച്ചത്, അങ്ങനെയാണെങ്കില് മാറികൊടുക്കാമെന്ന് സതീശന് കൊച്ചിയില് മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ. സുധാകരന് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് എന്താണ് കുഴപ്പം. കണ്ണൂരിനെ പറ്റി അദ്ദേഹം വികാരഭരിതമായി പറഞ്ഞിരിക്കുന്നു. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്ലമെന്റ് മണ്ഡലമാണത്. അദ്ദേഹം ഇന്നലെ പറഞ്ഞത് അദ്ദേഹമല്ല പോസ്റ്റ് ഇട്ടത് എന്നാണ്.
പറവൂരില് അദ്ദേഹത്തിന് അനുകൂലമായി പോസ്റ്റര് എങ്ങനെ വന്നുവെന്ന് അറിയില്ല. സിപിഎമ്മുകാര് കൊണ്ടുവയ്ക്കുന്നതാകും. പറവൂരില് പോസ്റ്റര് വച്ചിട്ട് എന്താ കാര്യം. പറവൂരിലാണോ അദ്ദേഹം സീറ്റ് ചോദിച്ചത്. അങ്ങനെയാണെങ്കില് ഞാന് മാറി കൊടുക്കാമെന്ന് സതീശന് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ എല്എഡിഎഫ് സ്ഥാനാര്ഥികളെ പ്രഖ്യാപിക്കുകയോ ചെയ്താല് 24 മണിക്കൂറിനകം തങ്ങളുടെ സ്ഥാനാര്ഥികള് റെഡിയാണെന്നും സതീശന് വ്യക്തമാക്കി. പല സ്ഥലത്തും സ്ഥാനാര്ഥികളെ തീരുമാനിച്ചിട്ടില്ല. ആര് മത്സരിക്കണം എന്നൊക്കെയുള്ള കാര്യങ്ങള് തീരുമാനിക്കുന്നത് പാര്ട്ടിയാണ്.
കെപിസിസി അധ്യക്ഷൻ പറഞ്ഞതു പോലെ ആരും സ്വയം സ്ഥാനാര്ഥികള് ആയി പ്രഖ്യാപിക്കണ്ട. പാര്ട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാര്ഥികള്. എംപിമാര് മത്സരിക്കണ്ട കാര്യത്തില് തീരുമാനം എടുക്കേണ്ടത് ദേശീയ നേത്യത്വമാണ്. തങ്ങള്ക്ക് അതില് അധികാരമില്ലെന്നും വി.ഡി. സതീശന് വ്യക്തമാക്കി.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ പോസ്റ്റർ യുദ്ധം മുറുകുന്നു. കെ. സുധാകരനും അടൂർ പ്രകാശിനും വേണ്ടി അനുകൂലികൾ പോസ്റ്ററുകളുമായി രംഗത്തെത്തി. ഇന്ന് എറണാകുളത്തെ വിവിധി ഇടങ്ങളിൽ സുധാകരനെ അനുകൂലിച്ചുള്ള പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പറവൂരിലും ഇടപ്പള്ളിയിലും ആലുവയിലും അടക്കമാണ് ഫ്ലക്സുകള് പ്രത്യക്ഷപ്പെട്ടത്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഓഫീസിന് സമീപവും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സേവ് കോണ്ഗ്രസ് ഫോറം ആണ് ഫ്ലക്സ് സ്ഥാപിച്ചത്. സുധാകരന് മത്സരിക്കാൻ രാഹുൽഗാന്ധി പിന്തുണ നൽകിയിട്ടുണ്ടെന്നും ഫ്ലക്സിലുണ്ട്.
ഇതിനിടെ, അടൂര് പ്രകാശിനായി പത്തനംതിട്ടയിൽ പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടു. കോന്നിയിൽ അടൂർ പ്രകാശിനെ തഴഞ്ഞ് ഹൈക്കമാൻഡ് ആരെ ഇറക്കിയാലും കോന്നിയിൽ പ്രകാശം പരക്കില്ലെന്നും അടൂർ പ്രകാശിനെയും കെ. സുധാകരനെയും ഒഴിവാക്കിയാൽ പ്രത്യാഘാതം ചെറുതാകില്ലെന്നുമാണ് പോസ്റ്ററിലുള്ളത്.
ഈഴവ സമുദായത്തെ തഴഞ്ഞാൽ കോൺഗ്രസിന് കനത്ത പ്രത്യാഘാതം ഉണ്ടാകും. പത്തനംതിട്ട ഡിസിസി ഓഫീസിന്റെ വാതിലിലും പരിസരങ്ങളിലും ആണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
Kerala
അമ്പലപ്പുഴ: സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ജി. സുധാകരനെതിരേ പരസ്യ പ്രതിഷേധവുമായി സിപിഎം.
സുധാകരൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് പുന്നപ്ര കപ്പക്കടയിലെ സി പി എം ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്തും സുധാകരന്റെ വീടിന്റെ മതിലിലും പോസ്റ്റർ പതിച്ചത്.
രക്തസാക്ഷികൾ സിന്ദാബാദ് വർഗ വഞ്ചകന് മാപ്പില്ല വോട്ടില്ല എന്നതായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ. സിപിഎം ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ഏരിയ കമ്മിറ്റി മെംബർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റർ പതിച്ചത്. സുധാകരനെതിരേ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് സിപിഎം തീരുമാനം.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ തൃശൂർ കോൺഗ്രസിൽ പോസ്റ്റർ യുദ്ധം. മുന് എംപിയും മുതിർന്ന നേതാവുമായ ടി.എന്.പ്രതാപനെതിരെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
സേവ് കോണ്ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള് പതിപ്പിച്ചിരിക്കുന്നത്. കെ.കരുണാകരന്റെ കുടുംബത്തെ ചതിച്ച യൂദാസാണ് പ്രതാപനെന്നും പോസ്റ്ററിൽ പറയുന്നു. തൃശൂരിലെ കോണ്ഗ്രസിനെ തകര്ക്കുന്ന കാലനാണ് പ്രതാപനെന്ന വിമര്ശനവും പോസ്റ്ററില് ഉന്നയിക്കുന്നുണ്ട്.
പ്രസ് ക്ലബിന്റെ ചുവരിലാണ് പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടത്. യുവാക്കൾ പോസ്റ്റർ ഒട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലീഡറുടെ കുടുംബത്തോട് പ്രതാപന് എന്തിനാണ് ഇത്ര പക. പത്മജ വേണുഗോപാലിനെ തോല്പ്പിച്ച് പാര്ട്ടിയില് നിന്ന് പുറത്താക്കിയെന്നും പോസ്റ്ററില് കുറ്റപ്പെടുത്തുന്നു.
കെ. മുരളീധരനെ കൂടെനിന്ന് കുഴിച്ചുമൂടിയെന്നും പോസ്റ്ററിൽ വിമർശിക്കുന്നു. സേവ് കോണ്ഗ്രസ് എന്ന പേരില് പതിപ്പിച്ച പോസ്റ്ററുകള്ക്ക് പിന്നില് ആരാണെന്ന് വ്യക്തമല്ല.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗുമായി വെച്ചുമാറാനുള്ള നീക്കം നടക്കുന്നതിനിടെ കോൺഗ്രസ് നേതാവ് കെ. മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ. തിരുവമ്പാടിയില് അദ്ദേഹം മത്സരിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ.
"കെ. മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം' എന്നാണ് പോസ്റ്ററിൽ ഉള്ളത്. തിരുവമ്പാടി തിരിച്ചുപിടിക്കാന് മതേതരത്വത്തിന്റെ കാവലാള് വേണമെന്നും പോസ്റ്ററിലുണ്ട്.
Kerala
കൊച്ചി: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ) വജ്രജൂബിലി സംസ്ഥാനസമ്മേളനം ഏപ്രില് ഏഴ്, എട്ട്, ഒമ്പത് തീയതികളില് കോഴിക്കോട്ട് നടക്കും. ഇതിന്റെ പ്രചാരണാര്ഥം തയാറാക്കിയ പോസ്റ്ററുകളുടെ പ്രകാശനം എറണാകുളം അധ്യാപകഭവനില് നടന്നു.
സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല് സെക്രട്ടറി ജി. സുനില്കുമാര്, എം.ഐ. അജികുമാര്, സി.എഫ്. റോബിന്, കെ.പി. വേണുഗോപാലന് തുടങ്ങിയവര് പ്രസംഗിച്ചു.
Kerala
പാലക്കാട്: ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനെതിരെ പോസ്റ്റർ. ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
പാർട്ടി ഓഫീസിന് വേണ്ടി വാങ്ങിയ സ്ഥലം മറിച്ചു വിറ്റ തങ്കപ്പനെ പുറത്താക്കുക എന്നും സ്വന്തം ഭാര്യ പോലും വോട്ടു ചെയ്യാത്ത തങ്കപ്പനെ പാലക്കാടിന് വേണ്ടെന്നുമാണ് പോസ്റ്ററിൽ പറയുന്നത്.
നേരത്തെയും തങ്കപ്പനെതിരെ പോസ്റ്ററുകൾ ഉയർന്നിരുന്നു. വണ്ടാഴി പഞ്ചായത്തിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയായിരുന്നു പോസ്റ്ററുകൾ.
സ്ഥാനാർഥികളെ നിർത്തുന്നതിൽ ഡിസിസി പ്രസിഡന്റ് പണം വാങ്ങിയെന്നും സ്ഥാനാർഥികൾ നാലാം സ്ഥാനത്തായെന്നുമായിരുന്നു ആരോപണം. എ. തങ്കപ്പൻ രാജിവയ്ക്കണമെന്നും പോസ്റ്ററിലുണ്ടായിരുന്നു.
Movies
അഷ്കർ സൗദാൻ, കൈലാഷ്, രാഹുൽ മാധവ്, സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ഇനിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസായി.
റിയാസ് ഖാന്, ദേവന്, ശിവജി ഗുരുവായൂര്, സ്ഫടികം ജോര്ജ്, വിജി തമ്പി, സുനിൽ സുഖദ, കോട്ടയം രമേശ്, ചെമ്പില് അശോകന്, നന്ദകിഷോര്, ഡ്രാക്കുള സുധീര്, അഷ്റഫ് ഗുരുക്കള്, അജിത് കൂത്താട്ടുകുളം, ബൈജു കുട്ടൻ, ലിഷോയ്, ദീപക് ധര്മടം ,ഭദ്ര, അംബിക മോഹന്, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവൻ, പാര്വണ തുടങ്ങിയവർ അഭിനയിക്കുന്നു.
യദു ഫിലിം ഫാക്ടറിയുടെ ബാനറില് സുധീര് സി.ബി നിര്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിര്വഹിക്കുന്നു. നിര്മാതാവ് സുധീര് സി.ബി തന്നെ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്.
ഏങ്ങണ്ടിയൂര് ചന്ദ്രശേഖരന്, ഉണ്ണികൃഷ്ണൻ വാക എന്നിവരുടെ വരികള്ക്ക് മോഹന് സിത്താര, രാഹുൽ പണിക്കർ എന്നിവര് സംഗീതം പകരുന്നു.
ശ്രീനിവാസ്, എടപ്പാള് വിശ്വം, ശ്രുതി ബെന്നി എന്നിവരാണ് ഗായകര്. പശ്ചാത്തല സംഗീതം- മോഹന് സിത്താര, എഡിറ്റിംഗ്- രഞ്ജിത്ത്, പ്രൊഡക്ഷന് കണ്ട്രോളര്- ഷറഫു കരൂപ്പടന്ന, കല- ഷിബു അടിമാലി, സംഘട്ടനം- അഷ്റഫ് ഗുരുക്കള്, അസോസിയേറ്റ് ഡയറക്ടര്- ജയരാജ്, അസിസ്റ്റന്റ് ഡയറക്ടര്- ആശ വാസുദേവ്, ചീഫ് കോസ്റ്റ്യൂമര്- നൗഷാദ് മമ്മി, മേക്കപ്പ്- ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്- റസാഖ് തിരൂർ, സ്റ്റില്സ്- അജേഷ് ആവണി, ഫിനാന്സ് കണ്ട്രോളര്- ബാബു ശ്രീധര്, രമേഷ്, ഗ്രാമീണ പശ്ചാത്തലത്തില്, കുടുംബ ബന്ധങ്ങള്ക്ക് പ്രാധാന്യം നല്കി ഒരുക്കിയ ഇനിയും ഉടൻ പ്രദർശനത്തിനെത്തും. പിആര്ഒ- എ.എസ്. ദിനേശ്.
Kerala
കോഴിക്കോട്: കെപിസിസി മുന് അധ്യക്ഷനും വടകര മുൻ എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോണ്ഗ്രസിന്റെ പേരില് പതിച്ച പോസ്റ്ററില് നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നാണ് പറയുന്നത്.
"മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന ലീഗിന്റെ മണ്ഡലം നേതൃത്വത്തോടാണ്, നാദാപുരം നിയോജകമണ്ഡലത്തില് മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില് നിലംതൊടാതെ തോല്പ്പിച്ചിരിക്കും' എന്ന് പോസ്റ്ററിൽ മുന്നറിയിപ്പ് നല്കുന്നു.
ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ മുല്ലപ്പള്ളിക്ക് ഇനിയും അധികാരക്കൊതി തീര്ന്നില്ലേയെന്നും പോസ്റ്ററിലുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രന് ഇത്തവണ നാദാപുരത്തുനിന്നോ കൊയിലാണ്ടിയില് നിന്നോ നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്ക്കിടെയാണ് പോസ്റ്റര് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള പശ്ചാത്തലമാക്കി മുഖ്യമന്ത്രിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെയും ചിത്രങ്ങൾ സഹിതം തയാറാക്കിയ തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററുകൾ പിടിച്ചെടുക്കാൻ കളക്ടർമാർക്ക് നിർദേശം.
സ്ഥാനാർഥികളുടെയോ മുന്നണികളുടേയോ പേരോ മറ്റോ ഇല്ലാത്ത പോസ്റ്ററുകൾ മാതൃക പെരുമാറ്റച്ചട്ടലംഘനത്തിന്റെ പരിധിയിൽ വരുന്നതിനാൽ അവ സംബന്ധിച്ച പരാതി പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനതല മീഡിയ റിലേഷൻസ് കമ്മിറ്റിയോഗം തീരുമാനിച്ചു.
പ്രതിപക്ഷ നേതാവിന്റെ ചിത്രവും പോസ്റ്ററുകളിലുണ്ടായിരുന്നു.