ഏറ്റുമാനൂർ: കോഴിത്തീറ്റയുടെ വിലക്കയറ്റത്തിൽ സംസ്ഥാനത്തെ മുട്ടക്കോഴി കൃഷി പ്രതിസന്ധിയിൽ. കോഴിത്തീറ്റയുടെ വില റിക്കാർഡ് വേഗത്തിൽ കുതിക്കുകയാണ്. വിലവർധന നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ സംസ്ഥാനത്ത് മുട്ടക്കോഴി കൃഷിക്ക് പൂട്ടുവീഴുമെന്ന് കർഷകർ പറയുന്നു.
കോഴിത്തീറ്റയുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിൽ ചെറുകിട കർഷകരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ജനുവരിയിലേതിനെക്കാൾ 40 ശതമാനം വരെ തീറ്റയ്ക്ക് വില വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലേക്കാൾ 50 കിലോ ചാക്കിന് ഗ്രോവറിനും ലെയർ മാർഷിനും 400 രൂപയും പെല്ലറ്റിന് 500 രൂപ വരെയും വില വർധിച്ചു. 300 കോഴിയെ വളർത്തുന്ന ഒരു ചെറുകിട കർഷകന് കോഴിത്തീറ്റയിൽ മാത്രം 12,000 രൂപയുടെ അധിക ബാധ്യതയാണ് ഒരു മാസം ഉണ്ടായിരിക്കുന്നത്.
കോഴിക്കുഞ്ഞുങ്ങളുടെ വിലയിലും ഗണ്യമായ വർധനവുണ്ടായി. 180 - 190 രൂപ ആയിരുന്ന മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വില ഇപ്പോൾ 240 - 250 രൂപയായി ഉയർന്നു. 300 കോഴി ക്കുഞ്ഞുങ്ങളെ 54,000 - 57,000 രൂപയ്ക്ക് ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 72,000 - 75,000 രൂപയാകും. തൊഴിലാളികളുടെ കൂലിയിലും വലിയ വർധനയുണ്ടായി. മുമ്പ് 15,000 രൂപയായിരുന്ന പ്രതിമാസ വേതനം 22,500 വരെയായി വർധിച്ചു.
എന്നാൽ മുട്ടയിടൽ കഴിഞ്ഞ കോഴിയുടെ വില വർധിച്ചിട്ടുമില്ല. കിലോ ഗ്രാമിന് 110 - 120 രൂപയായി വില നിലനിൽക്കുകയാണ്. അതേസമയം ഇറച്ചിക്കോഴിക്ക് 180 - 190 രൂപയാണ് ഇപ്പോൾ വില.
വിലക്കയറ്റത്തിൽ തകർന്നു നിൽക്കുമ്പോൾ തമിഴ്നാട്ടിൽനിന്നു വരുന്ന ഗുണനിലവാരം കുറഞ്ഞ മുട്ട സംസ്ഥാനത്തെ മുട്ടക്കോഴി കർഷകർക്കു നൽകുന്ന പ്രഹരം വലുതാണ്. കാഴ്ചയിൽ നാടൻ മുട്ടയെന്ന് തോന്നിക്കുന്ന ഗുണനിലവാരം കുറഞ്ഞ മുട്ട 8.00 - 8.50 രൂപയ്ക്ക് ഇപ്പോൾ മാർക്കറ്റിൽ ലഭിക്കും. വെള്ള മുട്ടയ്ക്ക് 7.50 - 8.00 രൂപയാണ് വില.
ഒരു പരിധിക്കപ്പുറം മുട്ട വില വർധിപ്പിക്കാനും തരമില്ല. നാട്ടിൻ പുറങ്ങളിൽ 9-10 വരെയും ടൗണിൽ 12 വരെയുമാണ് ഇപ്പോൾ നാടൻ കോഴിമുട്ടയുടെ വില. ഇനിയും വില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ കൃഷി അവസാനിപ്പിക്കുകയേ മാർഗമുള്ളു എന്ന് കർഷകർ പറയുന്നു.