വൈക്കം: വൈക്കത്ത് എൽഡിഎഫ് സ്ഥാനാർഥി പി. പ്രദീപ് പ്രചാരണം ആരംഭിച്ചതിനു പിന്നാലെ എൻഡിഎ സ്ഥാനാർഥി കെ. അജിത്തും രംഗത്തിറങ്ങിയതോടെ പോരാട്ടച്ചൂട് കൂടി. ഒരാഴ്ച മുമ്പേ പ്രചാരണം തുടങ്ങിയ പ്രദീപ് ഇതിനകം നിയോജക മണ്ഡലത്തിലാകെ ഒരു റൗണ്ട് പ്രചാരണം നടത്തിക്കഴിഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനെത്തുടർന്ന് എൻഡിഎ സ്ഥാനാർഥി കെ. അജിത്ത് വൈകുന്നേരം നഗരത്തിൽ പ്രചാരണത്തിന് തുടക്കം കുറിച്ചു. യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും സ്ഥാർഥിയായേക്കുമെന്ന് അഭ്യൂഹമുള്ള സണ്ണി എം. കപിക്കാട് വൈക്കത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്ത് ജനങ്ങളുമായി പരിചയം പുതുക്കുന്നുണ്ട്. സണ്ണി എം. കപിക്കാട്, കെ. ബിനിമോൻ, പി.ആർ. സോന, കെ.കെ. കൃഷ്ണകുമാർ എന്നിവരെയാണ് കോൺഗ്രസ് സ്ഥാനാർഥിയാകാൻ പരിഗണിച്ചിരുന്നത്.
ഇതിൽ സംസ്ഥാന നേതൃത്വത്തിന്റെകൂടി താത്പര്യം കണക്കിലെടുത്ത് സണ്ണി എം. കപിക്കാടിനാണ് കൂടുതൽ സാധ്യയെന്നും കെ. ബിനിമോനായും വലിയ ചരടുവലി നടക്കുന്നുണ്ടെന്നും അണിയറയിൽ സംസാരമുണ്ട്.