താനെ: മഹാരാഷ്ട്രയിലെ താനെയിൽ ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) വിഭാഗം താനെ 'വിഭാഗ് പ്രമുഖ്' (ഡിവിഷൻ ഹെഡ്) പ്രദീപ് പൂർണേക്കർ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി താനെയിലെ കപൂർബാവ്ഡി പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് വെടിയേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലിസ് അറിയിച്ചു. രാഷ്ട്രീയ വൈരാഗ്യമോ വ്യക്തിപരമായ ശത്രുതയോ ആകാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിലെ മുതിർന്ന നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.