കണ്ണൂർ: മെരടൻ കുഞ്ഞാമിനയെ (60) കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മുഖ്യപ്രതി ഡൽഹി സ്വദേശി അബ്ബാസ് അലിയെ ക്രൈം ബ്രാഞ്ച് പിടികൂടിയത് കാമുകി പൂജയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ. ശരിയായ മേൽവിലാസമില്ലാത്ത അബ്ബാസ് അലി കൊലപാതകത്തിനു ശേഷം ഡൽഹി, കോയന്പത്തൂർ, ബംഗളൂരു, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. സ്വന്തം പേരിൽ ഫോൺ ഇല്ലാത്ത ഇയാൾ ഡൽഹിയിലുള്ള കാമുകി പൂജയുടെ ഫോൺ ഉപയോഗിക്കുന്നതായി മനസിലാക്കിയ അന്വേഷണ സംഘം കഴിഞ്ഞ 10 ദിവസം ഡൽഹിയിൽ താമസിച്ചാണ് പ്രതിയെ വലയിലാക്കുന്നത്. പൊലിസ് നിരീക്ഷിക്കുന്നതിനാൽ കാമുകിയുടെ സിം കാർഡ് നന്പർ ഇയാൾ മാറ്റി ഉപയോഗിക്കുന്നത് പതിവായിരുന്നു. പ്രസ്തുത മൊബൈൽ പിന്തുടർന്നാണ് അബ്ബാസ് അലിയെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വലയിലാക്കുന്നത്.
കേസിൽ കൂട്ടുപ്രതികളായ രണ്ട് സ്ത്രീകൾ നേരത്തെ അറസ്റ്റിലായിരുന്നു. ഡൽഹി സ്വദേശിനികളും അബ്ബാസ് അലിയുടെ അമ്മയുമായ പർവീൺ ബാനു (55), സഹോദരി സക്കീന ഫാത്തിമ (32) എന്നിവരെ മാസങ്ങൾക്കു മുന്പ് മധ്യപ്രദേശിൽനിന്നാണ് പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
കുപ്രസിദ്ധ പ്രതികളെ പിടികൂടുന്നതിനായി അന്വേഷണ സംഘം ഉപയോഗിക്കുന്ന ഗാണ്ഡിവ എഐ പോർട്ട് ഉപയോഗിച്ചാണ് ആദ്യത്തെ രണ്ടു പ്രതികളെ അന്നത്തെ ക്രൈംബ്രാഞ്ച് എസ്പി ബാലകൃ ഷ്ണൻ നായരുടെ നിർദേശാനുസരണം അറസ്റ്റു ചെയ്യുന്നത്. മൊബൈൽ സിം കാർഡ് നേടിയെടു ക്കുന്നതിനായി പ്രതികൾ നൽകിയ ആധാർ കാർഡിലെ ഫോട്ടോ ഗാണ്ഡിവ എഐ പോർട്ടിലെ ഫോട്ടോയുമായി ലിങ്കായതാണ് പ്രതികളെ കുരുക്കിയത്.
2016 ഏപ്രിൽ 30 നാണ് മെരടൻ കുഞ്ഞാമിനയെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. വസ്ത്ര വ്യാപാരികളെന്ന വ്യാജേന കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പ്രതികൾ കുഞ്ഞാമിനയുമായി സൗഹൃദം സ്ഥാപിക്കുകയും, ശേഷം സ്ക്രൂഡ്രൈവർ ഉൾപ്പെടെ ഉപയോഗിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം കുഞ്ഞാമിന ധരിച്ചിരുന്ന പത്ത് പവനോളം സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്ത് പ്രതികൾ ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് ഉടൻ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് എസ്പി വേണുഗോപാൽ പറഞ്ഞു. ഇനിയും ഈ കേസിൽ പ്രതികൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
അബ്ബാസ് അലിയെ പിടികൂടിയ സംഘത്തിൽ എസ്ഐമാരായ അബ്ദുൾ റൗഫ്, മനേഷ്, സീനിയർ സിപിഒ മുഹമ്മദ് ഷംഷാദ് എന്നിവരും ഉണ്ടായിരുന്നു.
2021 ജൂണിലാണ് സംസ്ഥാന സർക്കാർ കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. ഇതിനകം ഈ കേസ് എട്ട് ക്രൈംബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തിലുള്ള ടീമിനു കീഴിൽ അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.
ഒടുവിൽ വന്ന രണ്ട് എസ്പിമാരാണ് കേസ് പൊടിത്തട്ടിയെടുത്ത് അന്വേഷണം ഊർജിതമാക്കി പ്രതികളെ പിടികൂടിയത്.