കല്‍പ്പറ്റ: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. പ്രവാസി പെന്ഷന് കുടിശിക സഹിതം വിതരണം ചെയ്യുക, നോര്‍ക്ക കെയര്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, സാന്ത്വന പദ്ധതികള്‍ പുനഃസ്ഥാപിക്കുക, ലോകകേരള സഭ പിരിച്ചുവിട്ട നടപടി റദ്ദുചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവാസികള്‍ പങ്കെടുത്തു. ധര്‍ണ ജില്ലാ സെക്രട്ടറി അഡ്വ. സരുണ്‍ മാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ടി. മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ. സജീവ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ ഏരിയ സെക്രട്ടറി അഡ്വ.പ്രമോദന്‍, സംസ്ഥാന കമ്മിറ്റി മുന്‍ അംഗം കെ.കെ. നാണു എന്നിവര്‍ പ്രസംഗിച്ചു.