പാലാ: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റ മഴയില്‍ത്തന്നെ രൂപപ്പെടുന്ന വെള്ളക്കെട്ട് ദുരിതമാകുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം പെയ്ത മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്കുമുണ്ടായി. സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്‍വശം, കെഎസ്ഇബി ഓഫിസിനു മുന്‍വശം, മാര്‍ക്കറ്റ് ജംഗ്ഷന്, തെക്കേക്കര-തോണിക്കടവ് റോഡ്, കൊട്ടാരമറ്റം, മൂന്നാനി, ഇടപ്പാടി എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ സെന്റ് തോമസ് സ്കൂളിനു മുന്നില്‍ ചെറിയ മഴ പെയ്താല്‍ പോലും വെള്ളം ഉയരുന്നതു പതിവാണ്. നേരത്തേ വെള്ളം ഒഴുകിപ്പോയിരുന്ന ചാല് ഏതാനും വര്‍ഷം മുന്‍പ് സ്വകാര്യ സ്ഥാപനങ്ങള്‍ അടച്ചതോടെയാണ് ഇവിടെ വെള്ളക്കെട്ട് നിത്യസംഭവമായത്. മുന്‍കാലങ്ങളില്‍ ഈ ഭാഗത്ത് വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നില്ല. മഴ ശക്തമാകുമ്പോള്‍ റോഡില്‍ രണ്ടടിയിലേറെ ഉയരത്തില്‍ വെള്ളം കെട്ടിനില്ക്കും. വെള്ളം ഒഴുകിപ്പോകാന്‍ മണിക്കൂറുകളെടുക്കുന്നതിനാല്‍ ഈ സമയത്ത് വാഹനയാത്ര ഏറെ ദുഷ്കരമാകുന്നു.
ഓടകള്‍ അടഞ്ഞുകിടക്കുന്നതും വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമാകുന്നു. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡിലെ മലിനജലം സമീപത്തെ കടകളിലേക്കും കാല്‍നടയാത്രക്കാരുടെ ദേഹത്തേക്കും തെറിക്കുന്നതും പതിവാണ്. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് വാഹന ഗതാഗതത്തെയും വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
വേനല്‍ക്കാലത്ത് ഓടകള്‍ സമയബന്ധിതമായി വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്യാത്തതാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ പ്രധാന കാരണമാകുന്നത്. ഓടകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ പതിവായി നടത്തിയിരുന്ന ഓട വൃത്തിയാക്കലടക്കമുള്ള മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് പരാതിയുണ്ട്. അടഞ്ഞുകിടക്കുന്ന ഓടകള്‍ വൃത്തിയാക്കുകയും വെള്ളം ഒഴുകിപ്പോയിരുന്ന ചാലുകള്‍ പുനഃസ്ഥാപിക്കുകയും ചെയ്ത് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.