നൽഗോണ്ട: വിദ്യാർഥികളുടെ സ്കൂൾ ബാഗിൽനിന്നു നോട്ടുകെട്ടും മൊബൈൽഫോണും കണ്ടെടുത്തതു ചോദ്യം ചെയ്ത പ്രിൻസിപ്പലിനെ വിദ്യാർഥി വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. നൽഗോണ്ടയിൽ സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പൽ കല്ലു രൂപ റെഡ്ഢി (50)ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 11നുണ്ടായ സംഭവത്തിൽ ഇതേ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടു കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു.
ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. രക്തം പുരണ്ട ഒന്നര ലക്ഷം രൂപയും ഐഫോണും മുഖ്യപ്രതിയുടെ ബാഗിൽനിന്നു പോലീസ് കണ്ടെടുത്തു. രൂപയെ പലതവണ വിളിച്ചിട്ടും മൊബൈൽഫോൺ സ്വിച്ച് ഓഫായതിൽ സംശയം തോന്നിയ ഭർത്താവാണ് അയൽക്കാരെ വിവരമറിയിച്ചത്.
കത്തികൊണ്ടുള്ള 27 മുറിവുകളാണ് മരണകാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ചുവപ്പു ഹുഡികൊണ്ട് മുഖം മറച്ച ഒരാൾ രൂപയുടെ വീട്ടിലേക്കു കയറിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. വീടിനു പരിസരത്തെ എഴുപതോളം കാമറകൾ പോലീസ് പരിശോധിച്ചിരുന്നു. കൂടാതെ, മൊബൈലിലെ കോൾ ലിസ്റ്റിൽ ബാബു എന്നു വിളിക്കുന്നത് റിക്കാർഡ് ആയിരുന്നു. ബാബു എന്നത് വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്ന വാക്കാണ്. ഇതാണ് അന്വേഷണം ഈ വഴിതിരിച്ചുവിടാൻ പോലീസിനെ പ്രേരിപ്പിച്ചത്.
ബാഗിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയതിനു പിന്നാലെ പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം കുട്ടിയെ ഹോസ്റ്റലിൽനിന്നു പുറത്താക്കിയിരുന്നു. മദ്യപിച്ചശേഷം മോട്ടോർസൈക്കിൾ സംഘടിപ്പിച്ച് രൂപയുടെ വസതിയിൽ മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.
സ്കൂൾ കുട്ടികളിൽനിന്നു പിരിച്ചെടുത്ത കറൻസി ഓഗസ്റ്റ് 10നാണ് പ്രിൻസിപ്പൽ വീട്ടിലേക്കു കൊണ്ടുപോകുന്നത്. ഇതു കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. രണ്ടര ലക്ഷം രൂപയാണ് രൂപയുടെ വീട്ടിൽനിന്ന് ഇവർ മോഷ്ടിച്ചത്.