ടെന്നസി: അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളി ജയിൽ ചാടി. 28 വയസുകാരനായ ജേക്കബ് അലൻ മോർലിയാണ് വടക്കുപടിഞ്ഞാറൻ ടെന്നസിയിലെ നോർത്ത് വെസ്റ്റ് കറക്ഷനൽ കോംപ്ലക്സിൽനിന്ന് ഞായറാഴ്ച രാത്രി രക്ഷപ്പെട്ടത്.
ഇയാൾക്കായി അധികൃതർ വ്യാപക തെരച്ചിൽ ആരംഭിച്ചു. ജയിൽ സുരക്ഷാ കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ, ജയിൽ യൂണിഫോമിൽ വേലി തകർത്ത് പുറത്തുകടക്കുന്ന മോർലിയെ കാണാം. തുടർന്ന് സമീപത്തുനിന്ന് ഒരു പിക്കപ്പ് ട്രക്ക് മോഷ്ടിച്ച് ഇയാൾ കടന്നുകളഞ്ഞതായും അധികൃതർ അറിയിച്ചു.
മോഷ്ടിച്ച വാഹനം പിന്നീട് ഇല്ലിനോയി സംസ്ഥാനത്തെ മരിയോണിൽ കണ്ടെത്തി. 2022ൽ സഹപ്രവർത്തകനായ കോഡി ബിർച്ച്ഫീൽഡിനെ കൊലപ്പെടുത്തിയ കേസിലാണ് മോർലിക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്.
ഇയാൾ അതീവ അപകടകാരിയാണെന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരി കാരി നോർമാൻ പറഞ്ഞു. മോർലി വീണ്ടും മറ്റൊരാളെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.
ടെന്നസി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ മോർലിയെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇയാളെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്ക് 2,500 ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു.
രക്ഷപ്പെട്ട പ്രതി ആയുധധാരിയും അപകടകാരിയുമാകാമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഇയാളെ നേരിൽ കണ്ടാൽ സമീപിക്കരുതെന്നും ഉടൻ പൊലിസിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.