കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ അതിശ്രേഷ്ഠമായ മൂറോൻ കൂദാശയ്ക്ക് മുന്നോടിയായി സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്ന് പുത്തൻകുരിശ് പാത്രിയർക്കാ ആസ്ഥാനത്ത് എത്തിച്ചേർന്ന വിളംബര ജാഥകൾക്ക് സ്വീകരണം നൽകി.
അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ ബാവയുടെ ഛായാചിത്രം വഹിച്ച് കൊണ്ട് തെക്കൻ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ കൊല്ലം ആദിച്ചനെല്ലൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നുള്ള ഛായാചിത്ര രഥ ഘോഷയാത്ര തെക്കൻ ഭദ്രാസനങ്ങളിലെ വിവിധ പള്ളികളിലെത്തി പ്രാർഥന നടത്തിയ ശേഷം മുളന്തുരുത്തിയിൽ എത്തി കൊച്ചി ഭദ്രാസനത്തിലെ നടമേൽ യാക്കോബായ സുറിയാനി പള്ളിയിൽ നിന്നുള്ള ദീപശിഖയും ഒരുമിച്ചു ചേർന്ന് കാവുംതാഴത്ത് എത്തി.
കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ നിന്നാരംഭിച്ച പതാകയാത്ര സ്വീകരണങ്ങൾ ഏറ്റു വാങ്ങി കണ്ടനാട് ഭദ്രാസനത്തിൽ നിന്നുള്ള കൊടിമര യാത്രയും കൂടി പെരുവുംമുഴിയിൽ ഒന്നിച്ച് ചേർന്ന് കോലഞ്ചേരി വഴി കാവുംതാഴത്ത് എത്തിച്ചേർന്നു. മുളന്തുരുത്തി സുന്നഹദോസിന് നേതൃത്വം നൽകിയ ചാത്തുരുത്തിൽ ഗ്രീഗോറിയോസ് തിരുമേനിയുടെ ഛായാചിത്ര രഥയാത്ര വടക്കൻ പറവൂർ പള്ളിയിൽ നിന്ന് ആരംഭിച്ച് അങ്കമാലി, കിഴക്കമ്പലം വഴി കാവുംതാഴത്ത് എത്തി.
തുടർന്ന് എല്ലാ വിളംബര ജാഥകളും ഒരുമിച്ച് പാത്രിയർക്കാ സെന്ററിലേക്ക് എത്തിയപ്പോൾ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവയും സഭയിലെ മെത്രപ്പോലീത്തമാരും, സഭാ വൈദിക ട്രസ്റ്റ് ഫാ. റോയി ജോർജ്, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവരും ചേർന്ന് സ്വീകരിച്ചു.