വടക്കഞ്ചേരി: റബർ ഉത്പാദക സംഘങ്ങളെ അംഗങ്ങളാക്കി റബർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾ രൂപീകരിച്ച് റബറിന്റെ മൂല്യവർധിത നിർമാണ വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സാങ്കേതിക പരിശീലനവും സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്ന് റബർ കർഷക കോൺഗ്രസ് പാലക്കാട് റീജനൽ കമ്മിറ്റി യോഗം സംസ്ഥാന സർക്കാരിനോട്ആവശ്യപ്പെട്ടു.
അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിശീലനം നല്കി ടാപ്പിംഗ് തൊഴിലാളി ക്ഷാമം പരിഹരിക്കുക, അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള റബർ ഇനങ്ങൾ കേരളത്തിൽ പരീക്ഷണം നടത്തി വികസിപ്പിച്ചെടുക്കുക, ഡ്യൂട്ടി കുറച്ച് കോമ്പൗണ്ട് റബർ ഇറക്കുമതി ചെയ്ത് റബർവില ഇടിക്കാനുള്ള വ്യവസായികളുടെ ശ്രമങ്ങൾ തടയുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. ഗീവർഗീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഹരിദാസ് കല്ലടിക്കോട് അധ്യക്ഷത വഹിച്ചു.എം.സി. വർഗീസ്, റെജി കെ. മാത്യു, ജോർജ് കോര, സി. പരമേശ്വരൻ, പി.സി.വിൽസൺ, സിജി വർഗീസ് എന്നിവർ പ്രസംഗിച്ചു.