സ്റ്റോക്ക്ഹോം: ബെൽജിയം-അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനായ പ്രഫ. ഫ്രാൻസിസ് ഹാൽസെന് 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം. ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററി വികസിപ്പിച്ചതിനും പ്രപഞ്ചത്തിലെ ഉയർന്ന ഊർജമുള്ള ന്യൂട്രിനോകളെ കണ്ടെത്തിയതിനുമാണ് പുരസ്കാരം.
അന്റാർട്ടിക്കയിലെ ഒരു ക്യൂബിക് കിലോമീറ്റർ വ്യാപ്തിയുള്ള മഞ്ഞുപാളിക്കുള്ളിൽ ആയിരക്കണക്കിനു പ്രകാശ സെൻസറുകൾ അടങ്ങിയ കേബിളുകൾ താഴ്ത്തിയാണ് ഐസ്ക്യൂബ് ഒബ്സർവേറ്ററി നിർമിച്ചിരിക്കുന്നത്. പ്രപഞ്ചത്തിലെ നക്ഷത്ര സ്ഫോടനങ്ങൾ തുടങ്ങിയ അതിശക്തമായ പ്രക്രിയകളിൽനിന്നു പുറന്തള്ളപ്പെടുന്ന ‘ന്യൂട്രിനോ’ എന്ന സൂക്ഷ്മ കണികകളെ നിരീക്ഷിക്കുകയാണ് ഈ നിരീക്ഷണകേന്ദ്രത്തിന്റെ ചുമതല.
2011ൽ നിർമാണം പൂർത്തിയായ ഈ നിരീക്ഷണകേന്ദ്രം 2013ലാണ് പ്രപഞ്ചത്തിൽനിന്നുള്ള ന്യൂട്രിനോകളുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. പ്രകാശത്തെ തടയുന്ന ബഹിരാകാശ ധൂളീപടലങ്ങൾക്കും തമോദ്വാരങ്ങൾക്കും പിന്നിൽ നടക്കുന്ന പ്രതിഭാസങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഐസ്ക്യൂബ് ഒബ്സർവേറ്ററി സഹായിക്കുന്നു.
1988ലാണ് ദക്ഷിണധ്രുവത്തിലെ മഞ്ഞിനടിയിൽ ന്യൂട്രിനോകളെ നിരീക്ഷിക്കാനുള്ള ആശയം ഹാൽസെൻ ആദ്യമായി ശാസ്ത്രലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ-മാഡിസണിലാണ് അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്.
12 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് (ഏകദേശം 1.2 ദശലക്ഷം യുഎസ് ഡോളർ) പുരസ്കാരത്തുക. ഇന്നു രസതന്ത്രത്തിനും നാളെ സാഹിത്യത്തിനുമുള്ള നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. വെള്ളി, തിങ്കൾ ദിവസങ്ങളിൽ യഥാക്രമം സമാധാനത്തിനും സാമ്പത്തിക ശാസ്ത്രത്തിനുമുള്ള നൊബേൽ പുരസ്കാരങ്ങളും പ്രഖ്യാപിക്കും.
എന്താണ് ന്യൂട്രിനൊ
സൂര്യനിൽനിന്നും നക്ഷത്രങ്ങളിൽനിന്നുമെല്ലാം പ്രതിസെക്കൻഡിൽ കോടിക്കണക്കിനു ന്യൂട്രിനോകൾ ഭൂമിയിലൂടെയും നമ്മുടെ ശരീരത്തിലൂടെയും യാതൊരു തടസവുമില്ലാതെ കടന്നുപോകുന്നുണ്ട്. വൈദ്യുതി ചാർജ് ഇല്ലാത്തതിനാലും സാധാരണ പദാർഥങ്ങളുമായി വിരളമായി മാത്രം പ്രതിപ്രവർത്തിക്കുന്നതിനാലും ഇവയെ ‘ഭൂതകണങ്ങൾ’ (ഗോസ്റ്റി പാർട്ടിക്കിൾസ് ) എന്നും വിളിക്കുന്നു.
ഇത്തരം കണങ്ങൾ അന്റാർട്ടിക് മഞ്ഞിലെ ആറ്റങ്ങളുമായി അപൂർവമായി കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന നീല വെളിച്ചത്തിന്റെ മിന്നലുകൾ സെൻസറുകൾ ഉപയോഗിച്ച് അളന്നാണ് ശാസ്ത്രജ്ഞർ പ്രപഞ്ചരഹസ്യങ്ങൾ പഠിക്കുന്നത്. സാധാരണ ടെലിസ്കോപ്പുകൾക്കു കാണാൻ സാധിക്കാത്ത പ്രപഞ്ച വിസ്മയങ്ങളിലേക്ക് ഒരു പുതിയ ജാലകമാണ് പ്രഫ. ഹാൽസെന്റെ കണ്ടെത്തലിലൂടെ തുറക്കപ്പെട്ടത്.
ഫ്രാൻസിസ് ഹാൽസെനും അദ്ദേഹത്തിന്റെ അന്താരാഷ്ട്ര സംഘവും പ്രപഞ്ചപഠനത്തിൽ ഒരു മികച്ച ഉപകരണം ശാസ്ത്രലോകത്തിനു സംഭാവന ചെയ്തതായി നൊബേൽ ഫിസിക്സ് കമ്മിറ്റി ചെയർമാൻ മാർക്ക് പിയേഴ്സ് പറഞ്ഞു.
അദ്ദേഹത്തിന്റെ ശാസ്ത്രീയ വീക്ഷണവും നിശ്ചയദാർഢ്യവുമാണ് അസ്ട്രോണമി മേഖലയിൽ പുതിയൊരു വഴികാട്ടിയായതെന്നും അക്കാദമി വ്യക്തമാക്കി.