Kerala
കൊച്ചി: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് അവയവമാറ്റ രംഗത്ത് തട്ടിപ്പുകാർ കളത്തിലിറങ്ങിയതും തുടരുന്ന വ്യാജ പ്രചാരണങ്ങളും സന്നദ്ധ അവയവദാന മേഖലയിൽ തിരിച്ചടിയാകുന്നു.
അവയവദാനങ്ങളുടെ എണ്ണം കുറയുകയും ജീവൻ നിലനിർത്താൻ ഹൃദയവും വൃക്കയും കരളും ഉൾപ്പെടെ വിവിധ അവയവങ്ങൾക്കായി ആയിരങ്ങൾ ആശുപത്രികളിൽ കാത്തുകിടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു തട്ടിപ്പുകാരുടെ ക്രൂരതകൾ.
അവയവമാറ്റ രംഗത്തു നിയമലംഘനങ്ങളുണ്ടാകുമ്പോൾ രജിസ്ട്രേഷൻ നടത്തി അവയവങ്ങൾക്കായി കാത്തിരിക്കുന്ന രോഗികളാണ് വീണ്ടും ദുരിതത്തിലാകുന്നത്. ക്രമക്കേടുകളും ഇതിനൊപ്പമെത്തുന്ന തെറ്റായ പ്രചാരണങ്ങളും സന്നദ്ധ അവയവദാതാക്കളുടെ എണ്ണം കുറയാൻ കാരണമാകുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
സന്നദ്ധ അവയവദാനം നടത്തുന്നവരുടെ ജീവൻ അപകടത്തിലാകുമെന്നും കൃത്യമായും നിയമവിധേയമായും അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുന്ന ആശുപത്രികൾക്കെതിരേ ആരോപണങ്ങളുയർത്തിയും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളാണു പ്രതിസന്ധിയാകുന്നത്.
സംസ്ഥാനത്ത് അവയവദാനരംഗത്ത് നിയമപരമായ എല്ലാ നടപടികളും ഏകോപിപ്പിക്കുന്നത് സർക്കാർ സംവിധാനമായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ സോട്ടോ) ആണ്. അവയവങ്ങൾ ആവശ്യമായി വരുന്നവർ കെ സോട്ടോയിലാണു രജിസ്റ്റർ ചെയ്യുന്നത്. രജിസ്ട്രേഷനുകളിലെ മുൻഗണനയനുസരിച്ച് കെ സോട്ടോ തന്നെയാണ് അവയവദാതാക്കളെയും സ്വീകരിക്കുന്നവരെയും നിശ്ചയിച്ചു നിർദേശിക്കുന്നത്.
2475 രോഗികളാണു സംസ്ഥാനത്ത് വൃക്ക ലഭിക്കാൻ കാത്തിരിക്കുന്നത്. ഇതിൽ 676 പേർ സ്ത്രീകളാണ്. 700 ലധികം കരൾരോഗികൾ കരൾ ദാനം ചെയ്യാൻ സന്മനസുള്ളവരെ കാത്തിരിക്കുന്നുണ്ട്.
കഴിയുന്നത്ര വേഗത്തിൽ ഹൃദയം മാറ്റിവച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുന്ന സ്ഥിതിയിൽ സംസ്ഥാനത്ത് 80ഓളം പേർ ചികിത്സയിലുണ്ട്. മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ ഹൃദയവും അവയവങ്ങളും നൽകാൻ ബന്ധുക്കൾ സമ്മതമറിയിക്കേണ്ടതുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സന്നദ്ധ അവയവദാനങ്ങളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവുണ്ടായിട്ടുണ്ട്. ഇതിനൊപ്പമാണ് ഇപ്പോഴത്തെ സങ്കീർണതകൾ.
National
ന്യൂഡൽഹി: കലാപസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന മണിപ്പുരിൽ ഗവർണറുടെ ഓഫീസിനും സേന ആസ്ഥാനത്തിനും ഉൾപ്പെടെ തീവച്ചുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം തകർത്ത് കേന്ദ്രസർക്കാർ.
കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രി ബിഷ്ണുപുരിൽ ഉണ്ടായ സ്ഫോടനമാണു സംസ്ഥാനത്തെ വീണ്ടും കലാപാന്തരീക്ഷത്തിൽ എത്തിച്ചത്.
സ്ഫോടനത്തിൽ അഞ്ചുവയസുള്ള ബാലനും ആറുമാസം പ്രായമുള്ള പെൺകുഞ്ഞും ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു.
ഇതിനുശേഷം വ്യാജ വാർത്തകളുമായി ഒട്ടേറെ സമൂഹമാധ്യമ അക്കൗണ്ടുകൾ തലപൊക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലെ പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസർക്കാർ വ്യക്താക്കി. ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും അവർ വിശദീകരിച്ചു.
അതേസമയം ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, കക്ചിംഗ്, ബിഷ്ണുപുർ ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റിനുള്ള വിലക്ക് തുടരുകയാണ്.
Kerala
കോഴിക്കോട്: ബിജെപിയുടെ ന്യുനപക്ഷ സംരക്ഷണം പ്രചാരവേല മാത്രമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍.
ബിജെപി സര്‍ക്കാരിന്റെ നിലപാടുകള്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷം മനസിലാക്കണം.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കമാണ് എഫ്സിആര്‍എ നിയമ ഭേദഗതിയിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
District News
നന്മണ്ട: എലത്തൂര്‍ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ടി. ദേവദാസ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ക്ഷേത്ര ഉത്സവ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രചാരണം നടത്തി.
നന്മണ്ട പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, അക്ഷയ കേന്ദ്രം, കൃഷിഭവന്, അമ്പലത്തുകുളങ്ങര ക്ഷേത്രം, കുമാരസ്വാമി വടക്കുവീട്ടില്‍ ഭഗവതിക്ഷേത്രം, ചീക്കിലോട് ആലക്കാട്ടില് ക്ഷേത്രം നടുവല്ലൂര്‍ തൃക്കോയിക്കല്‍ ക്ഷേത്രം എന്നിവിടങ്ങളിലെത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. കാക്കൂരില്‍ പ്രവര്‍ത്തക യോഗത്തിലും പങ്കെടുത്തു.എം.ഇ ഗംഗാധരന്, ടി.എ. നാരായണന്, കെ.പി. ചന്ദ്രന്, വി.വി. സ്വപ്നേഷ്, എന്‍.കെ. രാജു, ഗിരിജ വലിയപറമ്പില്‍, സത്യഭാമ ഇടവനക്കണ്ടി, ഷാജി പ്രണവം തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.
International
ലോകം സമാധാനത്തിനു ദാഹിക്കുന്നു. യുദ്ധം എപ്പോഴും അവശേഷിപ്പിക്കുന്നത് കണ്ണീരും തകർച്ചയുമാണ്. കരയിലും ആകാശത്തും കടലിലും സൈന്യങ്ങൾ ഏറ്റുമുട്ടുമ്പോൾ, അതിന്‍റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്നത് ഇരുവശത്തുമുള്ള സാധാരണ ജനങ്ങളാണ്. യുദ്ധം എത്രയും വേഗം അവസാനിക്കണമെന്നും ലോകത്തു ശാന്തി പുലരണമെന്നുമുള്ള ആഗ്രഹം ഓരോ മനുഷ്യനുണ്ട്.
എന്നാൽ, ഇസ്രയേൽ എന്ന കൊച്ചു രാജ്യം ഇന്നു നേരിടുന്ന സങ്കീർണമായ സാഹചര്യങ്ങളെയും അവിടെ ജീവിക്കുന്ന ആയിരക്കണക്കിനു മലയാളികൾ ഉൾപ്പെടെയുള്ള ജനലക്ഷങ്ങളുടെ സുരക്ഷിതത്വത്തെയും കുറിച്ചു വസ്തുനിഷ്ഠമായ ഒരു വിശകലനം അനിവാര്യം.
1948 മുതൽ അതിജീവന പോരാട്ടം
1948ൽ ഇസ്രയേൽ എന്ന രാജ്യം സ്ഥാപിതമായ നിമിഷം മുതൽ അതു നേരിടുന്നതു വലിയ ഭീഷണികളാണ്. ചുറ്റുമുള്ള രാജ്യങ്ങളിൽനിന്നു നിരന്തരമായ ആക്രമണങ്ങൾ നേരിട്ടിട്ടും തരിശുഭൂമിയിൽനിന്ന് ഒരു ലോകശക്തിയായി വളരാൻ അവർക്കു കഴിഞ്ഞത് അചഞ്ചലമായ ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്. ഈ അതിജീവന പോരാട്ടത്തിൽ ഇന്ന് ഇസ്രയേലിന്‍റെ ഏറ്റവും വലിയ കരുത്ത് അമേരിക്കയുമായുള്ള സഖ്യമാണ്. ഇതു കേവലം ഒരു സൈനിക ഉടമ്പടിയല്ല, മറിച്ച് ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ പങ്കാളിത്തമാണ്.
മിഡിൽ ഈസ്റ്റിൽ ജനാധിപത്യം നിലനിൽക്കുന്ന ഏക രാജ്യം എന്ന നിലയിൽ ഇസ്രയേലിന്‍റെ സുരക്ഷ അമേരിക്കയുടെ കൂടി ആവശ്യമാണ്. "അയൺ ഡോം' പോലുള്ള ആധുനിക പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ അമേരിക്കൻ സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്നു ലോകം അത്ഭുതത്തോടെ നോക്കുന്ന ഇസ്രയേലിന്‍റെ പ്രതിരോധ കവചം, ലക്ഷക്കണക്കിനു സാധാരണക്കാരുടെ ജീവനാണ് ഓരോ ദിവസവും രക്ഷിക്കുന്നത്.
ഇറാന്‍റെ ലക്ഷ്യം ഇസ്രയേൽ മാത്രമോ?
ഇറാൻ ഇന്ന് ഇസ്രയേലിനെതിരെ പ്രയോഗിക്കുന്ന നിഴൽ യുദ്ധങ്ങൾ സത്യത്തിൽ മിഡിൽ ഈസ്റ്റിലെ മുഴുവൻ സമാധാനത്തെയും തകർക്കുന്നതാണ്. ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയ ഗ്രൂപ്പുകളെ ഉപയോഗിച്ച് ഇറാൻ നടത്തുന്ന നീക്കങ്ങൾ ഇസ്രയേലിനെ മാത്രമല്ല, മറിച്ച് സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാഷ്‌ട്രങ്ങളെയും ലക്ഷ്യം വയ്ക്കുന്നു.
ഇതിനു പിന്നിൽ കേവലം രാഷ്‌ട്രീയ താല്പര്യങ്ങൾ മാത്രമല്ല, ദശകങ്ങളായി നിലനിൽക്കുന്ന ഷിയാ-സുന്നി വിഭാഗീയതയും ഒരു കാരണമാണ്. മേഖലയിൽ ആധിപത്യം ഉറപ്പിക്കാനും ഗൾഫ് രാജ്യങ്ങളിലെ സ്ഥിരത തകർക്കാനും ഇറാൻ ശ്രമിക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക സാന്നിധ്യം ഇറാനു ഭീഷണിയാണെങ്കിലും, അതിനേക്കാൾ ഉപരിയായി മിഡിൽ ഈസ്റ്റിലെ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി നടത്തുന്ന സമാധാന ശ്രമങ്ങളെ തകർക്കുക എന്നതാണ് ഇറാന്‍റെ ഗൂഢലക്ഷ്യം.
മാറിമറിഞ്ഞ ഇറാൻ
1979ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഇറാൻ ലോകത്തിലെതന്നെ ഏറ്റവും പുരോഗമനപരമായ രാജ്യങ്ങളിൽ ഒന്നായിരുന്നു. കലയും സംസ്കാരവും ആധുനികതയും ഒത്തുചേർന്ന ഒരു കാലം ഇറാനുണ്ടായിരുന്നു. എന്നാൽ, ഇന്നത്തെ ഇറാൻ ഭരണകൂടം തങ്ങളുടെ ജനതയുടെ സ്വാതന്ത്ര്യം ഹനിച്ചുകൊണ്ട് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു.
ഇറാൻ രാജകുടുംബാംഗമായ റെസ പെഹ്‌ലവിയെപ്പോലുള്ളവർക്ക് ഇറാനിലെ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന പിന്തുണ മാറ്റത്തിന്‍റെ സൂചനയാണ്. ഇറാനിലെ സാധാരണ ജനങ്ങൾ യുദ്ധമല്ല, മറിച്ച് സമാധാനവും പുരോഗതിയുമാണ് ആഗ്രഹിക്കുന്നത്. അവിടെയൊരു ഭരണമാറ്റം ഉണ്ടായാൽ അതു മിഡിൽ ഈസ്റ്റിലെ മൊത്തം സംഘർഷങ്ങൾക്കും അറുതി വരുത്തിയേക്കാം.
പ്രവാസികളുടെ ആശങ്കകൾ
ഇസ്രയേലിൽ പതിനായിരക്കണക്കിന് ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ജോലി ചെയ്യുന്നുണ്ട്. യുദ്ധം രൂക്ഷമാകുമ്പോഴും എന്തുകൊണ്ടാണ് ഇവർ ഇന്ത്യയിലേക്കു മടങ്ങാൻ ആഗ്രഹിക്കാത്തത്? ഇതിനുള്ള ഉത്തരം ഇസ്രയേൽ എന്ന രാജ്യം തങ്ങളുടെ തൊഴിലാളികൾക്കു നൽകുന്ന സുരക്ഷയാണ്. മതമോ ജാതിയോ നോക്കാതെ, തങ്ങളുടെ മണ്ണിലുള്ള ഓരോ വ്യക്തിയുടെയും ജീവൻ സംരക്ഷിക്കാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണ്.
ഓരോ വീട്ടിലും സുരക്ഷിതമായ ബങ്കറുകളും, കൃത്യമായ മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളും ഇവിടെയുണ്ട്. കേരളത്തിലെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണ്ട് ഭയപ്പെടുന്ന ബന്ധുക്കളെ സമാധാനിപ്പിക്കേണ്ടി വരുന്നതാണ് ഇവിടെയുള്ള പ്രവാസികൾ നേരിടുന്ന പ്രധാന വെല്ലുവിളി. നാട്ടിലെ ചർച്ചകളിൽ പലപ്പോഴും ഇസ്രായേലിനെ ഒരു 'തെമ്മാടി രാഷ്‌ട്ര'മായി ചിത്രീകരിക്കുമ്പോൾ, ഇവിടെയുള്ള മലയാളികൾക്ക് അറിയാം ഇത് ഒരു ജനത തങ്ങളുടെ നിലനിൽപ്പിനു വേണ്ടി നടത്തുന്ന അവസാന പോരാട്ടമാണെന്ന്.
ഏകപക്ഷീയ വാർത്തകൾ
കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ ഇസ്രയേലിനെതിരെ ഏകപക്ഷീയമായ വാർത്തകളാണ് നൽകുന്നത്. ഹമാസും ഹിസ്ബുള്ളയും നടത്തുന്ന ക്രൂരതകളെ മറച്ചുവച്ച്, തിരിച്ചടിക്കുന്ന ഇസ്രയേലിനെ മാത്രം ക്രൂശിക്കുന്നത് നീതിയല്ല. ഇസ്രായേൽ തോറ്റാൽ അത് ഒരു രാജ്യത്തിന്‍റെ മാത്രം പതനമല്ല, മറിച്ച് ആധുനിക ജനാധിപത്യ മൂല്യങ്ങളുടെ തകർച്ച കൂടിയായിരിക്കും.
ലോകം ആഗ്രഹിക്കുന്നത് സമാധാനമാണ്. യുക്രെയ്നിലായാലും പലസ്തീനിലായാലും ഇസ്രയേലിലായാലും ചോരുന്നത് സാധാരണക്കാരന്‍റെ രക്തമാണ്. കുഞ്ഞുങ്ങളുടെ കരച്ചിലില്ലാത്ത, ആകാശത്ത് മിസൈലുകളില്ലാത്ത ഒരു പുലരിയാണ് നമുക്കു വേണ്ടത്. എന്നാൽ, തീവ്രവാദത്തിലൂടെ ഒരു ജനതയെ തുടച്ചുനീക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രതിരോധം തീർക്കാതെ സമാധാനം സാധ്യമാവില്ല. ഇസ്രയേൽ ഇന്നു ചെയ്യുന്നത് അതാണ്. പതിനായിരക്കണക്കിനു മലയാളികൾക്ക് അന്നം നൽകുന്ന ഈ മണ്ണ് സുരക്ഷിതമായിരിക്കേണ്ടതു നമ്മുടെയും ആവശ്യമാണ്. യുദ്ധം അവസാനിക്കട്ടെ, സമാധാനം പുലരട്ടെ.
Kerala
കൊച്ചി: കേരളത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്ന ആരോപണം നേരിട്ട 'കേരള സ്റ്റോറി 2' എന്ന സിനിമയ്ക്ക് കേരളത്തിലെ തിയേറ്ററുകളിൽ കാഴ്ചക്കാരില്ല. പ്രദർശനാനുമതി ലഭിച്ചിട്ടും പല തിയേറ്ററുകളിലും സിനിമ കാണാൻ ആളുകൾ എത്തുന്നില്ല. സിനിമ പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് എത്തുന്നത്. ചിലേടങ്ങളിൽ മിനിമം ആളുകൾ ഇല്ലാത്തതിനാൽ ഷോകൾ റദ്ദാക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്.
കേരളത്തിനെതിരെയും ഒരു പ്രത്യേക വിഭാഗത്തിനെതിരെയും വിദ്വേഷം പടർത്തുന്ന രീതിയിലുള്ള 'പ്രൊപ്പഗാണ്ട' സിനിമയാണിതെന്ന വ്യാപകമായ വിമർശനം കേരളത്തിൽ ഉയർന്നിരുന്നു. ഇതു മലയാളികളെ സ്വാധീനിച്ചതാകാം സിനിമയോടുള്ള തണുപ്പൻ സമീപനത്തിനു പിന്നിലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സിനിമയുടെ ആദ്യ ഭാഗത്തിനെതിരെയും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും സമാനമായ രീതിയിൽത്തന്നെ കേരളത്തിലെ പൊതുസമൂഹം സിനിമയെ അവഗണിക്കുന്നുവെന്ന സൂചനയാണ് പ്രാഥമികമായി വരുന്നത്. 'കേരള മോഡൽ' ഐക്യത്തെ തകർക്കാനുള്ള നീക്കങ്ങൾ മലയാളികൾ തിരിച്ചറിയുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
അതേസമയം, കോടതി വ്യവഹാരങ്ങളിൽ കുടുങ്ങി അവസാന നിമിഷം റിലീസ് ചെയ്തതുകൊണ്ടാകാം കാണികൾ വിട്ടുനിൽക്കുന്നതെന്നും വരും ദിവസങ്ങളിൽ കാഴ്ചക്കാരെ കിട്ടുമെന്നുമാണ് സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്ന വൃത്തങ്ങൾ അവകാശപ്പെടുന്നത്.