പുതിയതായ വാങ്ങിയ വാഹനം വീടിനു മുന്നിൽ പാർക്ക് ചെയ്ത ഉടമയ്ക്ക് പിറ്റേന്ന് പുലർച്ചെ കാണേണ്ടിവന്നത് വൻ നാശനഷ്ടങ്ങളോടെ കിടക്കുന്ന തന്റെ കാറാണ്. രാത്രിയുടെ മറവിൽ എത്തിയ ആരോ മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് കാറിലുടനീളം വലിപ്പത്തിലുള്ള പോറലുകൾ വീഴ്ത്തുകയായിരുന്നു.
ഈ സങ്കടകരമായ അനുഭവം നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായി മാറി. സ്വന്തം അധ്വാനം കൊണ്ട് ആഗ്രഹിച്ചു വാങ്ങിയ വാഹനം ഒരൊറ്റ രാത്രികൊണ്ട് ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടത് കാണുമ്പോൾ ഉണ്ടാകുന്ന വേദന വിവരിക്കാനാകില്ലെന്നും, മറ്റുള്ളവരുടെ വളർച്ചയിൽ ചിലർക്ക് തോന്നുന്ന അസൂയയാണ് ഇത്തരം നീചമായ പ്രവർത്തികൾക്ക് പിന്നിലെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
വാർത്ത പുറത്തുവന്നതോടെ തങ്ങൾക്കും സമാനമായ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി നിരവധിയാളുകൾ രംഗത്തെത്തി. പാർക്കിംഗ് ഏരിയകളിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ പോലും കളിക്കാനിറങ്ങുന്ന കുട്ടികളും മുതിർന്നവരും ഇത്തരത്തിൽ കേടുപാടുകൾ വരുത്താറുണ്ടെന്നും, മറ്റുള്ളവരുടെ സാധനങ്ങളോട് കുറഞ്ഞപക്ഷം ബഹുമാനം കാണിക്കാനുള്ള മനോഭാവം പലർക്കും ഇല്ലെന്നും ആളുകൾ കമന്റുകളിലൂടെ കുറ്റപ്പെടുത്തി.
പൊതുമുതലും വ്യക്തിഗത സ്വത്തുക്കളും നശിപ്പിക്കുന്ന ഇത്തരം സാമൂഹികവിരുദ്ധർക്കെതിരെ ഭരണകൂടവും പൊലിസും കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്നും തടവുശിക്ഷ ഉറപ്പാക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിന് പിന്നിൽ അസൂയ മാത്രമായിരിക്കണമെന്നില്ലെന്ന വേറിട്ട നിരീക്ഷണങ്ങളും ഉയരുന്നുണ്ട്. പ്രദേശത്തെ കുട്ടികളുടെ കുസൃതിയോ അല്ലെങ്കിൽ വാഹന ഉടമയോട് വ്യക്തിപരമായ എന്തെങ്കിലും വിരോധമുള്ള അടുത്ത ബന്ധുക്കളോ അയൽക്കാരോ ആകാം ഇതിന് പിന്നിലെന്നും ചില ഉപയോക്താക്കൾ സംശയം പ്രകടിപ്പിച്ചു.
വാഹനം നിറുത്തിയിട്ടതുമായി ബന്ധപ്പെട്ട് അയൽവാസികളുമായി എന്തെങ്കിലും തർക്കങ്ങൾ നിലനിന്നിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അഭിപ്രായങ്ങൾ ഉയർന്നു. കാരണം എന്തുതന്നെയായാലും മറ്റൊരാളുടെ സ്വത്തുക്കൾക്ക് ബോധപൂർവം നാശനഷ്ടം വരുത്തുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന ശക്തമായ വിയോജിപ്പിലാണ് സോഷ്യൽ മീഡിയ ലോകം.