ന്യൂഡൽഹി: ജനാധിപത്യത്തെയും ഭരണഘടനയെയും നെഞ്ചിലേറ്റുന്ന ഓരോ പൗരനും പ്രതിപക്ഷ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന "ചലോ ദില്ലി’ബഹുജന പ്രക്ഷോഭ റാലിയിലേക്ക് എത്തണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. നവംബർ ഒന്നിനു നടക്കുന്ന ചരിത്രപരമായ പ്രക്ഷോഭത്തിനു മുന്നോടിയായി പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് രാഹുൽ ഗാന്ധി ഈ ആഹ്വാനം നടത്തിയത്.
വോട്ടുകൊള്ളയ്ക്കു വിരാമമിടാനുള്ള ഈ സമരം ഒരു രാഷ്ട്രീയപാർട്ടിയുടേതു മാത്രമല്ല, ഭാരതത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാനും സംരക്ഷിക്കാനുമുള്ള ജനകീയ പോരാട്ടമാണെന്ന് രാഹുൽ പറഞ്ഞു.
രാഷ്ട്രീയവ്യത്യാസങ്ങൾ മറന്ന് യുവജനങ്ങളും വിദ്യാർഥികളും പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. "രാജ്യത്തിന്റെ സ്വതന്ത്ര ചിന്തകൾക്കും ആശയങ്ങൾക്കുംനേരേ ആക്രമണമുണ്ടാകുന്നുവെന്ന് തോന്നുന്നുവെങ്കിൽ നിങ്ങൾ ഈ പോരാട്ടത്തിൽ പങ്കാളികളാകണം. പൊലിസിനെയോ ലാത്തിയെയോ ഭയക്കേണ്ടതില്ല. നിങ്ങളുടെ മുന്നിൽ അത്തരം തന്ത്രങ്ങൾ പ്രയോഗിക്കാൻ ബിജെപിക്ക് ധൈര്യമുണ്ടാകില്ല’’-രാഹുൽ സന്ദേശത്തിൽ വ്യക്തമാക്കി.
രാംലീല മൈതാനം സജ്ജം: കനത്ത സുരക്ഷ
ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്കു വേദിയാകുന്ന ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. മുതിർന്ന പ്രതിപക്ഷനേതാക്കൾ നേരിട്ടെത്തിയാണ് സജ്ജീകരണങ്ങൾ വിലയിരുത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അഞ്ചുലക്ഷത്തിലധികം ആളുകൾ റാലിയിൽ അണിനിരക്കുമെന്നാണ് കരുതപ്പെടുന്നത്.
രാംലീല മൈതാനത്തും പരിസരത്തുമായി മൂവായിര ത്തോളം പൊലിസുകാരെ വിന്യസിക്കും. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നിന് പതിനായിരത്തോളം അർധസൈനികരെക്കൂടി രംഗത്തിറക്കും.
നൂറ്റന്പതോളം അത്യാധുനിക എച്ച്ഡി, എഐ കാമറകൾ ഉപയോഗിച്ചാണ് സുരക്ഷാനിരീക്ഷണം ഉറപ്പാക്കുന്നത്. പ്രതിഷേധക്കാർ ന്യൂഡൽഹിയിലെ അതീവ സുരക്ഷാ മേഖലകളിലേക്കു കടക്കാതിരിക്കാൻ ശക്തമായ സുരക്ഷാവലയമാണ് പൊലിസ് തീർക്കുക.