ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ പ്രതിഷേധം നടത്തുന്ന വിദ്യാർഥികളെ പിന്തുണച്ച് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. പരീക്ഷ സംവിധാനം സംബന്ധിച്ച വിദ്യാർഥികളുടെ ആശങ്ക യഥാർഥമാണെന്ന് ജോഷി പറഞ്ഞു.
വിദ്യാർഥികളുടെ ആശങ്കകളെ അനുകന്പയോടെ കൈകാര്യം ചെയ്യണമെന്ന് മുൻ കേന്ദ്രമന്ത്രികൂടിയായ ജോഷി ആവശ്യപ്പെട്ടു. വിദ്യാർഥികളെ തല്ലിച്ചതച്ച പോലീസ് നടപടിയെയും അദ്ദേഹം വിമർശിച്ചു.
വിദ്യാർഥികളുടെ പ്രതിഷേധത്തെ നേരിട്ട രീതി വികസിത ഇന്ത്യ എന്ന ലക്ഷ്യത്തെ ബാധിക്കുമെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ഡൽഹിയിലെ തെരുവുകളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ വിദ്യാർഥികൾ ദിവസങ്ങളായി പ്രതിഷേധം തുടരുന്ന സാഹചര്യം ഏറെ വേദനാജനകമാണ്.
പരീക്ഷാ രീതികളിലെ അപാകതകൾ പരിഹരിക്കാൻ ശാശ്വതമായ ഒരു മാർഗമാണ് കണ്ടെത്തേണ്ടതെന്നും വിദ്യാർഥി സമരത്തെ വെറുമൊരു ക്രമസമാധാന പ്രശ്നമായി കണ്ട് ബലം പ്രയോഗിച്ച് അടിച്ചമർത്തരുതെന്നും മുരളി മനോഹർ ജോഷി പറഞ്ഞു.