പാലക്കാട്: പ്രൗഡ് വനിതാ വിഭാഗമായ ലേഡീസ് ചേംബറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡാൻഡിയ നൈറ്റ് ആഘോഷങ്ങളുടെ ഭാഗമായി നൃത്തവിരുന്ന് പ്രയാഗ കോളജിൽ അരങ്ങേറി.
പാലക്കാട്ടെ വിവിധ സംഘടനകളിൽ നിന്നായി എത്തിയ വനിതകളുടെ വർണാഭമായ വസ്ത്രധാരണവും ചടുലമായ നൃത്തച്ചുവടുകളും പരിപാടിക്ക് ആഘോഷപ്പകിട്ടേകി. റിയയും ദിന നിഖിലും ജോഡി നൃത്തം അവതരിപ്പിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് മാനസിക ഉല്ലാസവും സന്തോഷവും സൗഹൃദവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരേന്ത്യയിലെ പരമ്പരാഗത ആഘോഷമായ ഡാൻഡിയ നൈറ്റ് സംഘടിപ്പിച്ചത്.
ലേഡീസ് ചേംബർ സപ്പോർട്ട് ലീഡർ ഡോ. ശ്രീലക്ഷ്മി പ്രദീപ്, ഡോ. റിസ്വാന, ഡോ. രേവതി പിയൂഷ്, ശ്രീദേവി മേനോൻ, മിഥുന സന്ദീപ്, രമ്യ ബിജു, അനില നിഖിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രൗഡ് ചെയർമാൻ നിഖിൽ കൊടിയത്തൂർ, സെക്രട്ടറി ജനറൽ ഹിതേഷ് ജെയിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉത്തരേന്ത്യൻ രുചിവൈവിധ്യങ്ങൾ ഉൾപ്പെടുത്തിയ അത്താഴവിരുന്നും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.