തിരുവല്ല: കായിക, സാംസ്കാരിക പരിപാടികൾക്കല്ലാതെ തിരുവല്ല പബ്ലിക് സ്റ്റേഡിയം വിട്ടു നൽകാനുള്ള നഗരസഭയുടെ ആലോചനയിൽ വ്യാപക പ്രതിഷേധം.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഉപയോഗിക്കാനാകാത്ത തരത്തിൽ കാടും പുല്ലും നിറഞ്ഞുകിടന്ന സ്റ്റേഡിയം കഴിഞ്ഞയിടെയാണ് ശ്രമദാനമായും മറ്റും തെളിച്ചെടുത്തത്. വർഗീസ് മാമ്മൻ എംഎൽഎയുടെ ശ്രമഫലമായി സംസ്ഥാനസർക്കാർ സ്റ്റേഡിയം പുനരുദ്ധാരണത്തിന് അഞ്ചു കോടി രൂപ വകയിരുത്തുകയും കായിക മന്ത്രി ഒ. ജെ. ജെനീഷ് സ്റ്റേഡിയം സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതോടെ സ്റ്റേഡിയം വികസനം വീണ്ടും സജീവ വിഷയമായി വന്നു. ഇതിനൊപ്പമാണ് കാടു വെട്ടിത്തെളിച്ച സ്റ്റേഡിയം വാടകയ്ക്കു നൽകാൻ നഗരസഭയിലെ ചിലർ നീക്കം തുടങ്ങിയത്.
സ്റ്റേഡിയത്തിലെ പുല്ല് പൂർണമായി വെട്ടി വൃത്തിയാക്കാൻ മന്ത്രിയുടെ സന്ദർശനവേളയിൽ നിർദേശമുണ്ടായതാണ്. നഗരസഭ, കായിക സംഘടനകൾ, വിവിധ സ്കൂൾ, കോളജുകളിലെ എൻഎസ്എസ് യൂണിറ്റ് ഇവ ചേർന്നാണ് ആദ്യഘട്ടത്തിൽ പുല്ല് വെട്ടിയത്.വെള്ളക്കെട്ടുകാരണം സ്റ്റേഡിയത്തിന്റെ വടക്കുകിഴക്കേ ഭാഗത്തെ പുല്ല് വെട്ടാനുമുണ്ട്.
സ്റ്റേഡിയം കായികപരിപാടികൾക്ക് മാത്രമേ നൽകാവൂ എന്ന വ്യവസ്ഥ നേരത്തേ തന്നെ നഗരസഭാ കൗൺസിൽ പാസാക്കിയതാണ്. ആദ്യ കാലങ്ങളിൽ നിയമം കൃത്യമായി പാലിച്ചിരുന്നു. എന്നാൽ പിൽക്കാലത്ത് കൗൺസിൽ തീരുമാനം കാറ്റിൽ പറത്തി കായികേതര പരിപാടികൾക്ക് നൽകുവാൻ തുടങ്ങി. കായികതാരങ്ങൾ പ്രതിഷേധം അറിയിച്ചിട്ടും അധികൃതർ ഗൗനിച്ചില്ല. ആരും തിരിഞ്ഞു നോക്കാനില്ലാതെ വർഷങ്ങളായി സ്റ്റേഡിയം കാടുകയറി കിടക്കുകയും ചെയ്തു. ഇതിനിടെ എംജി സർവകലാശാല കലോത്സവത്തിനു വേദിയൊരുക്കാൻ ഒരുവർഷം മുന്പ് കുറെ ഭാഗത്തെ കാട് വെട്ടിമാറ്റി. പുല്ല് വെട്ടിക്കഴിഞ്ഞപ്പോൾ വീണ്ടും സ്വകാര്യവ്യക്തികൾ ആവശ്യങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
പുനരുദ്ധാരണംപൂർത്തീകരിക്കണം
സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണ പണികൾ ആരംഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന കായിക മന്ത്രിയുടെയും എംഎൽഎയുടെയും പ്രഖ്യാപനങ്ങൾ ഉടൻ നടപ്പാക്കണമെന്നാണ് കായിക സംഘടനകളുടെയും, താരങ്ങളുടെയും ആവശ്യം.സ്റ്റേഡിയത്തിന്റെ സമീപം ബൈപാസ് മേൽപാലത്തിനു സമീപമുള്ള സ്ഥലവും. ഷീ ലോഡ്ജിനോട് ചേർന്നുള്ള സ്ഥലവും എക്സിബിഷൻ, കൺവെൻഷൻ, പുഷ്പമേള, തുടങ്ങിയ പരിപാടികൾക്ക് ഉപയോഗിക്കാമെന്നിരിക്കേ സ്റ്റേഡിയത്തിന്റെ പ്രധാന ഭാഗങ്ങൾ പൊതുപരിപാടികൾക്ക് നൽകുന്നതിനോടു യോജിക്കാനാകില്ലെന്നും കായിക സംഘടനകൾ അഭിപ്രായപ്പെട്ടു.
ഇതിനെ ശക്തമായി പ്രതിരോധിക്കാനും കായികതാരങ്ങളും സംഘടനകളും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടു സംയുക്തമായി നിവേദനം നഗരസഭാ അധ്യക്ഷയ്ക്കു നൽകാനും ഇന്ന് കൂടിയ കായിക സംഘടനകളുടെ പ്രതിനിധികൾ തീരുമാനിച്ചു.