തന്നെ പിന്തുടർന്ന അപരിചിതനിൽ നിന്നും രക്ഷതേടിയെത്തിയ യുവതിക്ക് കാവലൊരുക്കിയ ഇന്ത്യൻ യുവാക്കളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
ഒരു മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കളുടെ അടുത്തേക്കാണ് ഭയന്നുവിറച്ച പെൺകുട്ടി ഓടിയെത്തിയത്. തൊട്ടുപിന്നാലെ ഒരു വിദേശി യുവതിയെ ലക്ഷ്യം വെച്ച് വരുന്നത് കണ്ട കളിക്കാർ, ഒട്ടും മടിക്കാതെ അയാൾക്ക് മുന്നിൽ പ്രതിരോധം തീർക്കുകയായിരുന്നു.
ആരാണ് നീയെന്നും യുവതിയെ മുൻപരിചയമുണ്ടോ എന്നും ചോദിച്ച യുവാക്കൾ, അവിടെ നിന്നും മാറിപ്പോകാൻ അയാളോട് ശക്തമായി ആവശ്യപ്പെട്ടു.
മുന്നറിയിപ്പുകൾ അവഗണിച്ച് അയാൾ അവിടെത്തന്നെ നിലയുറപ്പിച്ചതോടെ പോലീസിനെ വിളിക്കുമെന്ന് യുവാക്കൾ കർശനമായി പറഞ്ഞ ശേഷമാണ് രംഗം ശാന്തമായത്. ഈ സമയമത്രയും കടുത്ത മാനസികവിഷമത്തിലായിരുന്ന പെൺകുട്ടി യുവാക്കളുടെ സുരക്ഷിതത്വത്തിൽ അവർക്കൊപ്പം തന്നെ നിലയുറപ്പിച്ചു.
യുവതി തന്റെ വളർത്തുനായയുമായി നടക്കാൻ ഇറങ്ങിയപ്പോഴായിരിക്കാം ഈ ദുരനുഭവം ഉണ്ടായതെന്നാണ് സോഷ്യൽ മീഡിയയിലെ വിലയിരുത്തൽ.
സംഭവത്തിന്റെ പൂർണമായ പശ്ചാത്തലം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യുവാക്കളുടെ സമയോചിതമായ ഇടപെടലിനെ പ്രശംസകൊണ്ട് മൂടുകയാണ് ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ.
ആപത്ത് ഘട്ടത്തിൽ ഒരു അപരിചിതയ്ക്ക് നേരെ നീണ്ട സഹായഹസ്തം ഇന്ത്യൻ സമൂഹത്തിന്റെ നന്മയുടെ തെളിവാണെന്ന് പലരും കുറിച്ചു. പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഇത്തരം സാഹചര്യങ്ങളിൽ പൊതുസമൂഹം എങ്ങനെ ഇടപെടണമെന്നതിലും വലിയൊരു ചർച്ചയ്ക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്.